തിരുവനന്തപുരം; തീരദേശ ജനതയെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരമാവധി മാർഗങ്ങൾ സർക്കാർ പ്രയോജനപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണു തീരദേശ ജനതയ്ക്കായി പുനർഗേഹം പദ്ധതി നടപ്പാക്കുന്നത്. തീരദേശത്ത് അധിവസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി സന്തുഷ്ടമായ ജീവിതം നയിക്കാൻ പര്യാപ്തരാക്കുക എന്ന ഉദ്ദേശ്യത്തിൽ നടപ്പാക്കുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യത്തേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനർഗേഹം പദ്ധതി പ്രകാരം നിർമിച്ച 250 ഭവനങ്ങളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭവനരഹിതരില്ലാത്ത കേരളം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സർക്കാർ മുന്നോട്ടുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായി രാജ്യം ശ്രദ്ധിക്കുന്ന ഭവന നിർമാണ പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞു. വിവിധ ഘടകങ്ങൾ സംയോജിപ്പിച്ചാണ് സമ്പൂർണ പാർപ്പിട പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതിയായാണു പുനർഗേഹം ആവിഷ്‌കരിച്ചത്. 2450 കോടി രൂപ ചെലവിട്ടുള്ള പദ്ധതിയാണിത്. വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളേയും ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് ഇതിനായി തയാറാക്കിയ സർവെ പ്രകാരം 18,685 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്.
ഇതിൽ 8,153 പേർ തീരദേശത്തുനിന്ന് മാറി താമസിക്കുന്നതിന് സന്നദ്ധതയറിയിച്ചു. ഇതിൽ 2,982 പേർ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. 1,109 പേരുടെ വീട് നിർമാണം പൂർത്തിയായി. ബാക്കിയുള്ള വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.ഒരു കുടുംബത്തിന് രണ്ടു മുതൽ മൂന്നു സെന്റ് വരെ ഭൂമി വാങ്ങാൻ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ചാർജുമടക്കം പരമാവധി ആറു ലക്ഷം രൂപയും ഭവന നിർമാണത്തിന് നാലു ലക്ഷം രൂപയുമടക്കം ഒരു കുടുംബത്തിന് 10 ലക്ഷം രൂപയാണു ധനസഹായമായി തുടക്കത്തിൽ അനുവദിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഭൂമി രജിസ്ട്രേഷൻ ചാർജും സ്റ്റാംപ് ഡ്യൂട്ടിയും ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ച് കഴിഞ്ഞ ഡിസംബർ മുതൽ അത് ഒഴിവാക്കിയിട്ടുണ്ട്. ഇത് ഗുണഭോക്താക്കൾക്കു വളരെ ആശ്വാസമായി. ഗുണഭോക്താക്കൾ കണ്ടെത്തുന്ന ഭൂമിയുടെ വില ആറ് ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ബാക്കി വരുന്ന തുക കൂടി ഭവന നിർമാണത്തിന് ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്.
നിരവധി പേർ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുണ്ട്. സ്വന്തമായി ഭൂമി വാങ്ങി വീട് നിർമിക്കുന്നതിനും ഭൂമിയും വീടും ഒരുമിച്ചു വാങ്ങുന്നതിനും റസിഡന്റ് ഗ്രൂപ്പുകളായി ഒരുമിച്ചു ഭൂമി കണ്ടെത്തി അപ്പാർട്ട്മെന്റുകൾ നിർമിക്കാനും കഴിയും. ഇതിനു പുറമേ സർക്കാർ ഭൂമി കണ്ടെത്തി ഫ്ളാറ്റുകളും അപ്പാർട്ടുമെന്റുകളും നിർമിക്കുന്ന പദ്ധതിയുമുണ്ട്. സ്വന്തം നിലയിൽ ഭൂമി കണ്ടെത്താൻ കഴിയാത്തവർക്കായാണിത്.
കഴിഞ്ഞ അഞ്ചു വർഷം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം പാർപ്പിടം തുടങ്ങിയ മേഖലകളിൽ വലിയ കുതിച്ചുചാട്ടം നടത്താൻ കഴിഞ്ഞു. വികസിത നൂതനത്വ സമൂഹം എന്ന ലക്ഷ്യത്തിലേക്കു സർക്കാർ മുന്നേറുകയാണ്. സമസ്ത ജനവിഭാഗങ്ങൾക്കും അതിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം – 54, കൊല്ലം – 50, ആലപ്പുഴ – 48 എറണാകുളം – 10 തൃശൂർ – 35 മലപ്പുറം – 17 കോഴിക്കോട് – 12 കണ്ണൂർ – 7 കാസർകോഡ് – 17 എന്നിങ്ങനെ ഒമ്പതു ജില്ലകളിലെ 250 വീടുകളുടെ താക്കോൽ ആണ് കൈമാറിയത്. ഈ ഘട്ടത്തിലുള്ള ബാക്കി വീടുകൾ സമയബന്ധിതമായി കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനർഗേഹം പദ്ധതിയോടു തീരദേശത്തെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി സജി ചെറിയാൻ അഭ്യർഥിച്ചു. കേരള തീരത്ത് ഏതു സമയത്തും വേലിയേറ്റവും കടൽക്ഷോഭവുമുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതുകൂടി മുൻനിർത്തിയാണു തീരദേശ ജനതയ്ക്കു സുരക്ഷിത ഭവനങ്ങളൊരുക്കാനുള്ള സർക്കാരിന്റെ തീരുമാനം. ഭവനം ഒഴിയുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകൾ സർക്കാർ എടുക്കുന്നുവെന്ന പ്രചാരണം പദ്ധതിയുടെ ആദ്യ ഘട്ടത്തിലുണ്ടായിരുന്നു. ഇതു പൂർണമായും തെറ്റാണ്. അതു പൂർണമായും മത്സ്യത്തൊഴിലാളിയുടേതുതന്നെയായിരിക്കും. മത്സ്യത്തൊഴിലാളികൾക്ക് ഈ സ്ഥലം തുടർന്നും ഉപയോഗിക്കാം. പുതിയ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്നു മാത്രമേയുള്ളൂ. ഇതു സംബന്ധിച്ചു സർക്കാർ പ്രത്യേക ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിലെ തീരദേശ സംരക്ഷണത്തിനു സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കുന്നുണ്ട്. 7500 കോടിയോളം രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾ കേരളത്തിന്റെ തീരദേശത്തു നടക്കുകയാണ്. ഇതു ചരിത്രത്തിൽ ആദ്യമാണ്. പൂന്തുറയിൽ ജിയോ ട്യൂബ് ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന തീരസംരക്ഷണ പ്രവർത്തനം വലിയ വിജയമാണെന്നാണു പ്രാഥമിക വിവരം. അമ്പതു ശതമാനത്തോളം പദ്ധതി പൂർത്തിയായിട്ടുണ്ട്. 19 കോടി ചെലവിൽ 750 മീറ്ററിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതു വിജയിച്ചാൽ തീരസംരക്ഷണത്തിൽ അതു വലിയ വിജയമാകുമെന്നും തീരസംരക്ഷണം പൂർണമായും ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.