ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എട്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 19 കാരനും അമ്മയും പോലീസ് പിടിയില്‍. അവൂര ഗ്രാമത്തിലെ താലിബ് ഹുസൈന് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം. കുട്ടിയുടെ പിതാവിനോടുള്ള ഇവരുടെ വിരോധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് ആഴ്ച മുന്‍പ് കാണാതായ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പ്രദേശത്തെ വനമേഖലയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.കുട്ടിയെ ഏതോ വന്യമൃഗം ആക്രമിച്ചതാണെന്നാണ് നാട്ടുകാരും പോലീസും ആദ്യഘട്ടത്തില്‍ കരുതിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശവാസിയായ ഷഹ്നാസ് ബീഗത്തിലേക്കും മകന് അമിര്‍ അഹ്മദിലേക്കും സംശയം നീണ്ടത്.
ഇവരെ ചോദ്യം ചെയ്ത പോലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഷഹനാസ് ബീഗം പ്രേരിപ്പിച്ചതിനെ തുടര്‍ന്ന് അമിര്‍ അഹ്മദാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തി. പിന്നീട് മൃതദേഹം മറവു ചെയ്ത സ്ഥലം ഇവര്‍ പോലീസിന് കാട്ടിക്കൊടുക്കുകയായിരുന്നു.