കേരള പൊലീസിലേക്ക് മുസ്ലീങ്ങളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക നിയമനം, പ്രചരിക്കുന്ന പോസ്റ്റർ വ്യാജം

പൊലീസ് സേനയിലേക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണെങ്കിലും ഇന്ന്  ഉന്നത വിദ്യാഭ്യാസമുള്ളവരാണ് ഇപ്പോഴത്തെ പൊലീസുകാരില്‍ ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ കടുത്ത മത്സര പരീക്ഷ താണ്ടിയാണ് ഇവരെല്ലാം സേനയുടെ ഭാഗമാകുന്നത്. എന്നാല്‍ പൊലീസുകാരെ നിയമിക്കുന്നതില്‍ മതപ്രീണനം കടന്നുവന്നു എന്ന ആരോപണവുമായി ഒരു പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ‘ഒരു മതേതര രാജ്യത്ത് ഇതു പോലെ ഒരു മതവിഭാഗത്തിന് മതത്തിന്റെ പേരില്‍ ജോലി കൊടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല ഇത്തരം നടപടികള്‍ നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരതത്തിനു വിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇതു പോലെ വര്‍ഗ്ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിച്ചു കേരളത്തെ ഇസ്ലാമികവത്കരിക്കുകയാണ് ‘ എന്ന് തുടങ്ങുന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. മുസ്ലീംങ്ങളെ മാത്രം ഉള്‍പ്പെടുത്തി കേരള പൊലീസില്‍ പ്രത്യേക നിയമനം ഒന്നും തന്നെ നടത്തുന്നില്ല. 

പോലീസ് കോണ്‍സ്റ്റബിള്‍ (മുസ്ലീം സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) ഏപ്രില്‍ 21 വരെ അപേക്ഷിക്കാം എന്നാണ് പോസ്റ്റിലുള്ള ചിത്രത്തില്‍ കാണാനാകുന്നത്. കാറ്റഗറി നമ്പര്‍- 030/2021, യോഗ്യത, ഉയരം തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഇടതുവശത്തായി ലാസ്റ്റ് ഡേറ്റ് ഏപ്രില്‍ 17, 2021 എന്നാണ് നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പിഎസ്സി നല്‍കിയ വിജ്ഞാപനം പരിശോധിച്ചു. 2021 ഏപ്രില്‍ 21 വരെ അപേക്ഷിക്കാവുന്ന വേക്കന്‍സി എന്‍സിഎ മുസ്ലീം (നോ കാന്‍ഡിഡേറ്റ് അവെയ്‌ലബിള്‍) കാറ്റഗറിയില്‍പ്പെടുന്നവര്‍ക്ക് മാത്രമാണെന്നും നിശ്ചിത യോഗ്യതയുള്ളര്‍ അപേക്ഷിക്കണമെന്നും വ്യക്തിമാക്കിയിട്ടുണ്ട്. സ്‌കെയില്‍ ഓഫ് പേ, ഡിപ്പാര്‍ട്ട്‌മെന്റ്, പോസ്റ്റ് തുടങ്ങിയയ വിശദീകരണത്തോടൊപ്പം അഞ്ച് ഒഴിവുകളാണുള്ളതെന്ന് പറയുന്നുണ്ട്. 

പോസ്റ്റിന്റെ വിശദാംശങ്ങള്‍ പ്രത്യേകമായി ചേര്‍ത്തിരിക്കുന്നതില്‍ മുസ്ലീം വിഭാഗക്കാര്‍ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ എന്ന് പറയുന്നുണ്ട്. കൂടാതെ, 18/2016 കാറ്റഗറിയില്‍ ക്ഷണിച്ച അപേക്ഷപ്രകാരം 04.07.2018ല്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ മതിയായ മുസ്ലീം ഉദ്യോഗാര്‍ഥികള്‍ ഇല്ലാത്തതിനാലാണ് ഈ വിജ്ഞാപനം എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട തസ്തിക പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാലാണ് പുതിയ അപേക്ഷകരെ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനമിറക്കിയത്. എന്നാൽ 2016ലെ വിജ്ഞാപനം എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതായിരുന്നു. 

കേരള പൊലീസിലേക്ക് മാത്രമല്ല, എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും പരീക്ഷ നടത്തുന്നത് പിഎസ് സിയുടെ സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ടാണ്. മാത്രമല്ല, ഒരു വിഭാഗത്തിന്റെ സംവരണം എടുത്തുകൊണ്ട് മറ്റൊരുവിഭാഗത്തിന് നിയമനം നടത്താനുമാകില്ല. പോസ്റ്റില്‍ പറയുന്നത് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളുടെ സംവരണം അടിച്ചമര്‍ത്തിയാണ് മുസ്ലീംങ്ങള്‍ക്ക് പ്രത്യേകം നിയമനം നടത്തുന്നതെന്നാണ്. കേരള പിഎസ് സിയുടെ നിയമനങ്ങളെക്കുറിച്ച് വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 320 പ്രകാരമാണ് പിഎസ്‌സിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ പിഎസ്‌സി നിയമനത്തിന് മുസ്ലീംങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു വെണ്ണ തരത്തിൽ പ്രചരിക്കുന്ന പോസ്റ്റർ തെറ്റാണെന്ന് വെക്തമായി. 

Tags: Fake News

Latest News