തിരുവനന്തപുരം: ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിക്കാനിടയായത് പുക ശ്വസിച്ചത് മൂലമാകാമെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അറിയിച്ചു. പൊള്ളലേറ്റല്ല മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനയിൽ ദുരൂഹമായൊന്നും കണ്ടെത്തിയിട്ടില്ല. ബൈക്കിൽനിന്ന് തീ പടർന്നല്ല അപകടം ഉണ്ടായതെന്നും ഫയർഫോഴ്സ് ഓഫിസർ നൗഷാദ് പറഞ്ഞു.മുറിക്കുള്ളിൽ കാർബൺ മോണോക്‌സൈഡ് പടർന്നിരുന്നുവെന്ന് ഫയർഫോഴ്‌സ് പറയുന്നു.
പുലർച്ചെ രണ്ടുമണിയോടെയാണ് വര്‍ക്കല അയന്തിയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചത്. ഇളവാപുരം സ്വദേശി പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇളയ മകന്‍ അഖില്‍ (25), മൂത്തമകന്‍ നിഖിലിന്‍റെ ഭാര്യ അഭിരാമി (24), പേരക്കുട്ടി റയാൻ (എട്ടുമാസം) എന്നിവരാണ് മരിച്ചത്.
നിഖില്‍ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്‍റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി മൊത്ത വ്യാപാരിയാണ് പ്രതാപൻ.
പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികളാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. ഇരുനില വീടിന്‍റെ അകത്തെ എല്ലാ മുറികളിലേക്കും തീപടരുകയായിരുന്നു. അഗ്നിശമനസേനയെത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ച് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ.വീടിന്‍റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു.