മലപ്പുറം: പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് രാഹുല്‍ ഗാന്ധി. ഇന്ന് രാത്രിയാണ് രാഹുൽ പാണക്കാട്ട് എത്തിയത്. സോണിയ ഗാന്ധിയുടെ അനുശോചനകുറിപ്പും രാഹുൽ കുടുംബത്തിന് കൈമാറി.
വലിയ സങ്കടത്തോടെയാണ് താന്‍ ഇപ്പോള്‍ പാണക്കാട് എത്തിയതെന്നും രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല ആത്മീയ തലത്തില്‍ കൂടി നേതൃസ്ഥാനമുണ്ടായിരുന്നയാളാണ് ഹൈദരലി ശിഹാബ് തങ്ങളെന്നും രാഹുല്‍ അനുസ്മരിച്ചു.
ഹൈദരലി തങ്ങള്‍ പിന്തുടര്‍ന്ന പാത അതേരീതിയില്‍ പുതിയ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പിന്തുടരുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ പറഞ്ഞു.
ഹൈദരലി തങ്ങള്‍ അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു എന്നും ഒരു സമുദായത്തിന്‍റെ മുഴുവന്‍ നേതാവായിരുന്നു എന്നും സോണിയ ഗാന്ധി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ഇന്ന് പുലർച്ചെ 2.30നായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കൽ ചടങ്ങ് നടന്നത്. പാണക്കാട് ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരങ്ങള്‍ക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി ശിഹാബ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയുള്ള ഗാർഡ് ഓഫ് ഓണർ നൽകിയായിരുന്നു അദ്ദേഹത്തിന്‍റെ ഖബറടക്കം.