കോട്ടയം: സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവച്ചുകൊന്നു. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കരിന്പാനായിൽ രഞ്ജു കുര്യനാണ് മരിച്ചത്.
ഉൗട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. സഹോദരൻ ജോർജ് കുര്യനാണ് വെടിവച്ചത്. ഇവരുടെ മാതൃസഹോദരൻ മാത്യൂസ്കറിയക്കും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിറ്റിരുന്നു. ഊട്ടിയിൽ വ്യവസായിയായ രഞ്ജു ഇതിനെപ്പറ്റി ചോദിക്കുന്നതിനായി കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ എത്തുകയും തറവാട്ടുവീട്ടിൽ ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ വാക്കേറ്റം ഉണ്ടാകുകയും പ്രശ്നമാകുകയും ചെയ്തു.
തുടർന്ന് കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ജോർജ് കുര്യൻ സഹോദരനെയും മാതൃസഹോദരനെയും വെടിവെയ്ക്കുകയായിരുന്നു. തലക്ക് വെടിയേറ്റ രഞ്ജു അപ്പോള്‍ തന്നെ മരിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാത്യുവിന് വെടിയേല്‍ക്കുന്നത്.
സംഭവത്തില്‍ ജോർജിനെ കാഞ്ഞിരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈസൻസുള്ള തോക്കാണ് ജോര്‍ജ് കൊലപാതകത്തിനുപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.