കൊല്ലം: കേരളപുരത്ത് പാപ്പാന് ആനയുടെ ചവിട്ടേറ്റത് ആനയെ പ്രകോപിപ്പിച്ചതു കൊണ്ടാണെന്ന് സിസിടിവി ദൃശ്യങ്ങൾ. ക്ഷേത്രത്തിൽ എഴുന്നള്ളിക്കാനായി എത്തിക്കുന്നതിനിടെയാണ് രണ്ടാം പാപ്പാനെ ആന കാലുകൊണ്ട് തട്ടിയെറിഞ്ഞത്. അബദ്ധത്തില്‍ ആനയുടെ ചവിട്ടേറ്റതാണെന്നായിരുന്നു പാപ്പാന്മാരുടെ മൊഴി.
എന്നാല്‍ ഒന്നാംപാപ്പാന്‍ ആനയുടെ മുന്‍കാലില്‍ അടിച്ചപ്പോഴാണ് രണ്ടാംപാപ്പാന് പരുക്കേല്‍ക്കുന്ന അപകടമുണ്ടായതെന്നാണ് ദൃശ്യങ്ങളിലുളളത്. പരുക്കേറ്റ രണ്ടാം പാപ്പാന്‍ സച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ക്ഷേത്രം എഴുന്നള്ളിപ്പ് കഴിഞ്ഞ് തിരിച്ചുപോകവെ ഞായറാഴ്ചയായിരുന്നു സംഭവം. രണ്ടാം പാപ്പാന്‍ സച്ചുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഒന്നാം പാപ്പാന്‍റെ അടിയേറ്റതിനു പിന്നാലെയായിരുന്നു ആക്രമണം. ഇതേതുടര്‍ന്ന് രണ്ടാം പാപ്പാന്‍ നിലത്തുവീഴുകയും ആന വീണ്ടും ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ ഒന്നാം പാപ്പാന്‍ ആനയെ തളക്കുകയായിരുന്നു.
ചവിട്ടേറ്റ സച്ചുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്.
പരിക്കേറ്റ പാപ്പാനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.