കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങള്‍ക്കുള്ള പെൻഷൻ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വർഷം എൺപത് കോടി രൂപയിലേറെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ ചെലവാക്കുന്നുണ്ട് എന്നാണ് കണക്ക്. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത വരുത്തുന്നു എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കുടുംബ പെൻഷനടക്കം നല്‍കുന്നത് നിയമവിരുദ്ധമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പാലക്കാട് സ്വദേശി ദിനേശ് മേനോൻ ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ രംഗത്തെത്തിയിരുന്നു. നയപ്രഖ്യാപന പ്രസംഗം ഒപ്പിടാതെ സർക്കാരിനെ മുൾമുനയിൽ നിർത്തിയായിരുന്നു ഇക്കാര്യത്തിലുള്ള അതൃപ്തി ഗവർണർ അറിയിച്ചത്.

















