റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുക്രെയ്ൻ അഭയാർഥികളുടെ എണ്ണം 15 ലക്ഷം കടന്നു.മരിയുപോൾ, സുമി നഗരങ്ങളെ വളഞ്ഞ് ആക്രമിക്കുന്ന റഷ്യൻ സേന ഷെല്ലാക്രമണവും വ്യോമാക്രമണവും നിർത്താതെ തുടരുകയാണ്. അതിനിടെ റഷ്യ – യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ച ഇന്ന് നടക്കും.
ഇർപിൻ പട്ടണത്തിലും റഷ്യ ബോംബിങ് ശക്തമാക്കി. തന്ത്രപ്രധാനമായ ഹോസ്റ്റോമെൽ വിമാനത്താവളത്തിന് സമീപമാണ് പട്ടണം. കിയവിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന റഷ്യയുടെ സൈനിക വാഹനവ്യൂഹവും ഇതിനടുത്താണുള്ളത്. റഷ്യൻ മുന്നേറ്റം തടയുന്നതിനായി ഇർപിലെ പാലങ്ങൾ യുക്രൈൻ സൈന്യം തകർത്തു.
കിയവിൽ യുക്രൈന്‍ സൈനികർ കിടങ്ങുകൾ നിർമിച്ചും റോഡുകൾ അടച്ചും പ്രതിരോധം ശക്തമാക്കി. സമീപ പ്രദേശങ്ങളിൽ ഷെല്ലാക്രമണം രൂക്ഷമാണ്. പ്രധാന പാതയിൽ മണൽചാക്കുകളും കോൺക്രീറ്റ് സ്ലാബുകളും നിരത്തി. തെക്കൻ നഗരമായ നോവ കഖോവ്‍ക്കയിൽ പ്രവേശിച്ച റഷ്യൻ സേനയ്ക്കെതിരെ പ്രതിഷേധവുമായി രണ്ടായിരത്തിലേറെപ്പേർ ദേശീയ പതാകയുമായി തെരുവിലിറങ്ങി.