രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചിട്ടും കേരളം പുറത്ത്. ഒന്നാം ഇന്നിങ്‌സില്‍ മധ്യപ്രദേശ് നേടിയ 585 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് മത്സരം അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 432 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നോക്കൗട്ടില്‍ കടക്കണമെങ്കില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് അനിവാര്യമായിരുന്ന കേരളത്തിനായി ഓപ്പണര്‍ പൊന്നം രാഹുലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറികളുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
മധ്യപ്രദേശിനായി ഈശ്വര്‍ പാണ്ഡെ, അനുഭവ് അഗര്‍വാള്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. കാര്‍ത്തികേയ സിങ് രണ്ടു വിക്കറ്റെടുത്തു.
ഗ്രൂപ്പ് എയില്‍ മൂന്ന് കളികള്‍ അവസാനിച്ചപ്പോള്‍ കേരളത്തിനും മധ്യപ്രദേശിനും 14 പോയന്റ് വീതമായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീം എതിര്‍ ടീമുകള്‍ക്കെതിരേ സ്‌കോര്‍ ചെയ്ത റണ്‍സും നഷ്ടമാക്കിയ വിക്കറ്റുകളും എതിര്‍ ടീം നേടിയ റണ്‍സും നഷ്ടമാക്കിയ വിക്കറ്റുകളും അടിസ്ഥാനമാക്കിയുള്ള ക്വാഷ്യന്റ് റേറ്റിങ്ങില്‍ കേരളത്തെ പിന്തള്ളിയ മധ്യപ്രദേശ് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറുകയായിരുന്നു.