മൃഗശാലകൾ സന്ദർശിക്കുന്നതും മൃഗങ്ങളെ തൊടുന്നതും കൂടെ നിന്ന് ചിത്രങ്ങൾ പകർത്തുന്നതുമെല്ലാം സാധാരണയാണ്. എങ്കിലും ഉള്ളിൽ ചെറിയൊരു ഭയം ഉണ്ടാകും. എന്നാല്‍ സിംഹം, കടുവ തുടങ്ങിയ വന്യജീവികളെ വീട്ടില്‍ വളർത്തുന്നവരാണെങ്കിലോ? കേൾക്കുമ്പോൾ തന്നെ പേടിയാകും പിന്നെ അല്ലെ വളർത്തുന്നത് അല്ലെ?. എന്നാൽ ഇത്തരം വന്യ മൃഗങ്ങളെ പെറ്റ് ആയി വളർത്തുന്നവരും ഉണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഒരു മൃഗശാല സന്ദര്‍ശനത്തിന് എത്തുന്ന സ്ത്രീയുടെ അടുത്തേയ്ക്ക് രണ്ട് സിംഹങ്ങള്‍ ഓടിയെത്തുന്നതും അവരോട് സ്‌നേഹം പ്രകടിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വാത്സല്യപൂര്‍വം അവയെ ചേര്‍ത്തുപിടിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ക്കൊപ്പം മൃഗങ്ങളുടെ സ്‌നേഹം മനുഷ്യരുടേതിനേക്കാള്‍ നിഷ്‌കളങ്കമെന്ന സന്ദേശമാണ് പലരും പങ്കുവയ്ക്കുന്നത്.
എന്നാൽ ‘സ്‌പെയിനില്‍ ഒരു സ്ത്രീ വീട്ടില്‍ വളര്‍ത്തിയിരുന്ന സിംഹ കുട്ടികളെ സര്‍ക്കാര്‍ പിടികൂടി പാര്‍ക്കില്‍ അടച്ചു. ഏഴു വര്‍ഷത്തിന് ശേഷം അവയെ കാണാന്‍ പാര്‍ക്കിലെത്തിയ തങ്ങളുടെ പോറ്റമ്മയെ തിരിച്ചറിഞ്ഞ സിംഹ കുട്ടികള്‍ കാണിക്കുന്ന സ്‌നേഹ പ്രകടനം. മനുഷ്യസ്‌നേഹത്തിന് വില നഷ്‌പ്പെടുന്ന ഈ കാലത്ത് ഈ വീഡിയോ നല്‍കുന്ന സന്ദേശം വളരെ വലുതാണ് ‘ എന്ന അടികുറിപ്പോടെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പോസ്റ്റിനൊപ്പമുള്ള വിശദീകരണത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് നൽകിയിട്ടുള്ളത്. സ്‌പെയ്‌നില്‍ വീട്ടമ്മ അനധികൃതമായി വളര്‍ത്തിയ സിംഹക്കുട്ടികളെ അധികൃതര്‍ ഏറ്റെടുക്കുകയായിരുന്നില്ല.
ഒരു മാധ്യമം നല്‍കിയ വാര്‍ത്ത പ്രകാരം ഈ വീഡിയോ സ്വിറ്റ്‌സര്‍ലന്റിലെ മൃഗശാലയില്‍ നിന്നുള്ളതാണെന്ന് മനസിലായി. 2017 ഓഗസ്റ്റ് 25ന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ‘താന്‍ വളര്‍ത്തിയിരുന്ന സിംഹക്കുട്ടികള്‍ വലുതായി തുടങ്ങിയപ്പോള്‍ അവയെ പരിപാലിക്കാനുള്ള പ്രയാസം കൊണ്ട് ഉടമയായ സ്ത്രീ മൃഗശാലയില്‍ ഏല്‍പ്പിക്കുകയായിരുന്നു’ എന്നാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മൃഗശാല സന്ദര്‍ശിച്ച പഴയ ഉടമയെ ദൂരെ നിന്നു തന്നെ മനസിലാക്കിയ സിംഹങ്ങള്‍ ഓടിയെത്തി സ്‌നേഹം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നുവെന്ന് വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ അവര്‍ സ്ഥിരമായി പാര്‍ക്കിലെത്തി സിംഹങ്ങളെ കാണാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ നിന്നു തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ യുവതിയും സിംഹങ്ങളും തമ്മില്‍ ഏഴുവര്‍ഷത്തിനുശേഷമുള്ള കൂടിക്കാഴ്ചയല്ലെന്നും അനധികൃതമായി കൈവശം വച്ച സിംഹക്കുട്ടികളെ അധികൃതര്‍ ഏറ്റെടുക്കുകയായിരുന്നില്ലെന്നും വ്യക്തമാണ്.