കൊച്ചി: കൊച്ചി ‘ഇന്‍ക്‌ഫെക്ടഡ്’ ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമ കേസിലെ പ്രതി പി എസ് സുജീഷ് പിടിയില്‍. കൊച്ചി നഗരത്തിൽ നിന്ന് തന്നെയാണ് പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടിയത്. സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇയാളെവിടെയെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും, അറസ്റ്റ് ഉടനുണ്ടാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു.
ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷ്, ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നിരവധി യുവതികള്‍ രംഗത്തെത്തുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്.
പിടിയിലായ സുജീഷിനെ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ശേഷം ഇയാളെ ചേരാനെല്ലൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരും.
അഞ്ച് ലൈംഗിക അതിക്രമ കേസുകളാണ് ഇതിനോടകം സുജീഷിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിനു പിന്നാലെ സുജീഷ് ഒളിവില്‍ പോയിരുന്നു. ബെംഗളൂരുവിലേക്ക് കടന്നെന്ന വിവരവും പുറത്തെത്തിയിരുന്നു.
ആദ്യം സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് സുജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു ‘മീ ടൂ’ ആരോപണം യുവതി പ്രസിദ്ധീകരിച്ചത്. തുടർന്ന് നിരവധി പരാതികൾ ഇയാൾക്കെതിരെത്തന്നെ വിവിധ സമൂഹമാധ്യമങ്ങളിലായി ഉയർന്നുവന്നു. സുജേഷിൻറെ സ്ഥാപനത്തിൽ ഇന്ന് റെയ്ഡ് നടത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുത്തിരുന്നു.
2017 മുതൽ തുടങ്ങിയ പീഡനങ്ങളാണ് വിവിധ യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും, ടാറ്റൂ വരക്കാൻ എന്ന പേരിൽ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ഇവരുടെ മൊഴിയിലുണ്ട്.