തിരുവനന്തപുരം: യുക്രൈയിനിൽനിന്നു ഡെൽഹിയിലും മുംബൈയിലുമെത്തുന്ന മലയാളി വിദ്യാർഥികളടക്കമുള്ളവരെ നാട്ടിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇന്ന് ഇതുവരെ 350 പേരെ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞു.
ഡെൽഹിയിൽനിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ചാർട്ടേഡ് വിമാനം ഇന്നു പുലർച്ചെ ഒന്നിന് കൊച്ചിയിൽ എത്തി. ഇതിൽ 153 യാത്രക്കാർ ഉണ്ടായിരുന്നു. ഇന്നു ഡൽഹിയിൽനിന്ന് ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേത് 175 യാത്രക്കാരുമായി ഉച്ചകഴിഞ്ഞു 3.10ന് കൊച്ചിയിൽ എത്തി. രണ്ടാമത്തെ ചാർട്ടേഡ് വിമാനം രാത്രി 9:30 ന് 175 യാത്രക്കാരുമായി കൊച്ചിയിലെത്തി. മൂന്നാമത്തെ വിമാനം 180 യാത്രക്കാരുമായി ഡെൽഹിയിൽ നിന്നും പുറപ്പെട്ടു.
മുംബൈ വഴി ഇന്ന് ഇതുവരെ 40 മലയാളി വിദ്യാർഥികളാണു നാട്ടിലെത്തിയിട്ടുള്ളത്. ഇവരെ മുംബൈ നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. അഞ്ചു വിദ്യാർഥികൾ രാത്രി എട്ടു മണിയോടെ തിരുവനന്തപുരത്ത് എത്തി. 22 പേർ രാത്രി 11.40നു കൊച്ചിയിൽ എത്തും. അഞ്ചു പേർ രാത്രി 12.30നു കണ്ണൂരിലും ഏഴു പേർ നാളെ രാവിലെ 7.25ന് കോഴിക്കോടും എത്തും. ഒരാൾ ഷാർജയിലുള്ള മാതാപിതാക്കളുടെയടുത്തേക്കു പോയി.
യുക്രെയിനിൽനിന്നുള്ള രക്ഷാദൗത്യം ‘ഓപ്പറേഷൻ ഗംഗ’ ആരംഭിച്ചതിനു ശേഷം ഇതുവരെ 1,420 പേരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഇതിനായി മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലും ഇരു സ്ഥലങ്ങളിലെയും കേരള ഹൗസുകളിലും സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.