അന്നും ഇന്നും എന്നും അമൽ നീരദിന്റെ സഹായിയായി അറിയപ്പെടുക എന്നത് വലിയ അംഗീകാരം തന്നെയാണെന്ന് സൗബിൻ ഷാഹിർ. ഭീഷ്മ പർവം ചിത്രീകരണത്തിനിടയിൽ നിന്നും അമൽ നീരദിനൊപ്പമുളള വീഡിയോ പങ്കുവച്ചായിരുന്നു സൗബിന്റെ വാക്കുകൾ.
അമൽ നീരദിന്റെ സംവിധാന സഹായിയായും, സഹസംവിധായകനായും സൗബിൻ പ്രവർത്തിച്ചിട്ടുണ്ട്. ബിഗ് ബി, അൻവർ തുടങ്ങിയ ചിത്രങ്ങളിൽ സഹായി. അഞ്ച് സുന്ദരികൾ സിനിമയിലെ അമൽ നീരദിന്റെ ‘കുള്ളന്റെ ഭാര്യ’യിൽ പൂവാലനായി പ്രത്യക്ഷപ്പെട്ട സൗബിന് ഇയ്യോബിന്റെ പുസ്തകത്തിലും അമൽ നല്ലൊരു വേഷം കരുതിവച്ചിരുന്നു. ദുൽഖർ നായകനായ സിഐഎയിലും സൗബിൻ എത്തി. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ അജാസ് എന്ന കരുത്തുറ്റ കഥാപാത്രമായിരുന്നു തന്റെ പ്രിയ ശിഷ്യനായി അമൽ നീരദ് കരുതിവച്ചിരുന്നത്.
ഭീഷ്മ പർവം കണ്ട ശേഷം ലിറ്റോ തോമസ് എന്ന പ്രേക്ഷകൻ സൗബിനെക്കുറിച്ച് എഴുതിയ വാക്കുകൾ ചുവടെ…
ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് മുൻപുള്ള നമ്മുടെ അമൽ നീരദിന്റെ ഒരു ഷൂട്ടിങ്ങ് ലൊക്കേഷൻ…അവിടെ കോരിച്ചൊരിയുന്ന മഴയത്ത് സ്ലോമോഷനിൽ കാറിൽ നിന്ന് ഇറങ്ങുന്ന മമ്മൂക്ക… അവിടെ ക്യാമറ കണ്ണുകൾക്ക് പുറകിലായി തന്റെ സിനിമ മോഹങ്ങൾ ഉളളിലൊതുക്കി ആ ഫ്രെയിമിൽ മഴ പെയ്യിച്ച ഒരു ചെറുപ്പക്കാരനെ അധികമാരും ശ്രദ്ധിച്ചു കാണാൻ വഴിയില്ല………
അങ്ങനെ കാലം വീണ്ടും കടന്നു പോയി അമൽ നീരദ് തന്റെ സ്വപ്നനായകനെ മുൻനിർത്തി പുതിയ ഒരു ചിത്രവും പുറത്തിറക്കി. ഇന്ന് ആ സിനിമയിലെ നായകനെക്കാൾ എന്നിലെ പ്രഷകനെ സന്തോഷിപ്പിച്ചത് അതിലെ നായകന്റെ കൂട്ടാളിയായ അമാനുഷികൻ അല്ലാത്ത തികച്ചും സാധാരണക്കാരൻ ആയ ഒരു ചെറുപ്പക്കാരൻ ആണ്. അതെ അയാൾ തന്നെ സൗബിൻ ഷാഹിർ.
ഭീഷ്മ പർവം എന്ന ചിത്രത്തിൽ കാണാൻ സാധിച്ചത് സൗബിന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു…അന്ന് ദൂരെ നിന്ന് ഒരു അത്ഭുതത്തോടെ അയാൾ നോക്കി നിന്നിരുന്ന അതെ നായകന്റെ കൂടെ ഇന്ന് ഒരു ശക്തമായ കഥാപാത്രമായി അയാൾ നിറഞ്ഞാടുന്നത് കാണുമ്പോൾ അഭിമാനം തോന്നുകയാണ്. കഥയുടെ ചിലയിടങ്ങളിൽ എത്തുമ്പോൾ ഇയാൾ ആണോഇനി ഈ സിനിമയുടെ യഥാർഥ നായകൻ എന്ന് ചിന്തിച്ചു പോവുകയാണ്.