രാജ്‌കോട്ട്: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം. മധ്യപ്രദേശ് ഉയർത്തിയ 585/9 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനു മറൂപടിയുമായി ഇറങ്ങിയ കേരളം മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെന്ന നിലയിലാണ്.
മധ്യപ്രദേശിന്റെ സ്‌കോറിനേക്കാള്‍ 387 റണ്‍സ് പിറകിലാണ് കേരളം. ഒരു ദിവസം മാത്രം ബാക്കിനില്‍ക്കേ 387 റണ്‍സ് മറികടക്കാനായാല്‍ കേരളത്തിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. എട്ടുവിക്കറ്റുകള്‍ കയ്യിലിരിക്കേ നാലാം ദിനം ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനാകും കേരളത്തിന്റെ ശ്രമം. 82 റണ്‍സെടുത്ത് ഓപ്പണര്‍ രാഹുലും ഏഴുറണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍.
കളി സമനിലയാകുമെന്ന് ഉറപ്പാകുമെന്നതിനാൽ ആദ്യ ഇന്നിംഗ്സ് ലീഡ് നിർണായകമാണ്. മധ്യപ്രദേശിനും കേരളത്തിനും ഗ്രൂപ്പിൽ ഒരേ പോയിൻ്റാണ് ഉള്ളത്. അതുകൊണ്ട് തന്നെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടുന്ന ടീം അടുത്ത ഘട്ടം കളിക്കും.
ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിനുവേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രാഹുലും രോഹന്‍ എസ് കുന്നുമ്മലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 129 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ മിഹിര്‍ ഹിര്‍വാനി ഈ കൂട്ടുകെട്ട് പൊളിച്ചു. 110 പന്തുകളില്‍ നിന്ന് 75 റണ്‍സെടുത്ത രോഹനെ മിഹിര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
പിന്നാലെ വന്ന വത്സല്‍ ഗോവിന്ദിന് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 15 റണ്‍സെടുത്ത താരത്തെ അനുഭവ് അഗര്‍വാള്‍ ഹിമാന്‍ഷു മന്ത്രിയുടെ കൈയ്യിലെത്തിച്ചു. വത്സലിന് പകരം സച്ചിന്‍ ബേബി ക്രീസിലെത്തി. പിന്നീട് വിക്കറ്റ് വീഴാതെ സച്ചിനും രാഹുലും കേരളത്തെ സംരക്ഷിച്ചു. 178 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളുടെ സഹായത്തോടെയാണ് രാഹുല്‍ 82 റണ്‍സെടുത്തത്.
289 റൺസുമായി അവിശ്വസനീയ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച യാഷ് ദുബേ ആണ് മധ്യപ്രദേശ് ഇന്നിംഗ്സിൽ നിർണായക സ്വാധീനം ചെലുത്തിയത്. രജത് പാടിദാർ (142), അക്ഷത് രഘുവൻശി (50) എന്നിവരും മധ്യപ്രദേശിനായി തിളങ്ങി. കേരളത്തിനു വേണ്ടി ജലജ് സക്സേന 6 വിക്കറ്റ് വീഴ്ത്തി. ബേസിലും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റ് വീതം നേടി. മത്സരം നാളെ സമാപിക്കും.