തിരുവനന്തപുരം: ഹോര്‍മോണ്‍ രഹിത കോഴിയിറച്ചി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ‘കേരള ചിക്കന്‍’ പദ്ധതിയിൽ 75 കോടി രൂപയുടെ വിറ്റുവരവ് നേടിയെന്ന് തദ്ദേശസ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ഗുണമേന്മയുള്ള കോഴിയിറച്ചിയുടെ വിപണനം ന്യായമായ വിലയ്ക്ക് ഉറപ്പാക്കുന്ന പദ്ധതിയിൽ 75,02,13,231.12 രൂപയുടെ വിറ്റുവരവാണ് നടന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ജനപ്രിയമായ പദ്ധതി നാല് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, ആലപ്പുഴ എന്നീ നാല് ജില്ലകളിൽക്കൂടിയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
2017 നവംബറില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ആറ് ജില്ലകളില്‍ 260 ഫാമുകളും 94 വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഫാമുകളില്‍ നിന്നും വളര്‍ച്ചയെത്തിയ ബ്രോയിലര്‍ ചിക്കന്‍ ‘കേരള ചിക്കന്‍’ ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിക്കുകയാണ്.
മൃഗസംരക്ഷണ വകുപ്പ് സമഗ്ര മേല്‍നോട്ടം നടത്തുന്ന ഈ പദ്ധതിയുടെ ഭാഗമായി, ഇന്റഗ്രേഷന്‍ ഫാമിങ് വഴി ഇറച്ചിക്കോഴി വിപണിയിലെത്തിക്കല്‍, പ്രോസസിങ് യൂണിറ്റ് ആരംഭിച്ച് പ്രവര്‍ത്തിപ്പിക്കല്‍ എന്നീ രണ്ട് പ്രവര്‍ത്തനങ്ങളാണ് കുടുംബശ്രീ ചെയ്യുന്നത്. കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് (കെ.ബി.എഫ്.പി.സി.എല്‍) എന്ന കമ്പനിയും ഇതിനായി പ്രവര്‍ത്തിച്ചുവരുന്നു.
തുടക്കഘട്ടത്തില്‍ കോഴി വളര്‍ത്തുന്നതിനുള്ള ഫാമുകള്‍ ആരംഭിക്കുകയും ഈ ഫാമുകളില്‍ നിന്നുള്ള ബ്രോയിലര്‍ ചിക്കന്‍ വിപണിയിലെത്തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ നടത്തിയത്. പിന്നീട് 2020 ജൂണ്‍ മാസം മുതല്‍ കേരള ചിക്കന്റെ മാത്രം പ്രത്യേകമായ ബ്രാന്‍ഡഡ് വിപണന കേന്ദ്രങ്ങളും തുടങ്ങി.
കേരള ചിക്കൻ വലിയ വിജയമായി മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തങ്ങളുടെ പ്രദേശങ്ങളിലും കേരള ചിക്കൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.