യുക്രൈന്‍ സംഘര്‍ഷത്തില്‍ നിന്നുള്ളതെന്ന രീതിയില്‍ പല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ഇന്ന് സജീവമാണ്. ഉറ്റവരെ നഷ്ട്ടപെട്ട പിഞ്ചു ബാലന്റെ ദയനീയമായ കരച്ചില്‍ എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്. ‘റഷ്യന്‍ ജനത സുരക്ഷിതര്‍ ആണ് യുദ്ധം നടക്കുന്നത് മുഴുവന്‍ യുക്രൈൻ എന്ന രാജ്യത്ത് മാത്രം അവിടെ കൊല്ലപ്പെടുന്നതില്‍ ഭൂരിഭാഗവും നിരപരാധികള്‍ ആയ കുട്ടികളും സ്ത്രീകളും ഈ പാവപ്പെട്ട ജനതയെ കൊന്നൊടുക്കുന്നത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാന്‍ പറ്റാത്തതാണ്…’ വീഡിയോക്കൊപ്പം ഈ ഒരു കുറിപ്പും പ്രചരിക്കുന്നുണ്ട്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഈ വീഡിയോ ഇപ്പോള്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ യുദ്ധത്തിൽ നിന്നുള്ളതല്ല.
പ്രചരിക്കുന്ന ദൃശ്യങ്ങൾ ഗൂഗിളിൽ പരിശോധിച്ചപ്പോൾ വീഡിയോ നിരവധി സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത് കണ്ടെത്താനായി. ഇതില്‍ നിന്നും മനസിലാക്കാനായത് ഇത് 2021 മുതല്‍ പ്രചാരത്തിലുള്ള വീഡിയോ ആണെന്നാണ്. 2021 ഓഗസ്റ്റ് 20ന് ഒരു ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘Israel Subirá•Me Leva Pra Casa’ എന്ന കുറിപ്പോടെയാണ് ഇത് പങ്കുവച്ചിരിക്കുന്നത്. പോര്‍ച്ചുഗീസ് ഭാഷയിലുള്ള കുറിപ്പ് വിവര്‍ത്തനം ചെയ്താല്‍ ‘Israel Will Rise•Take Me Home’ എന്നാണ്. അതായത് ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെക്കുറിച്ചായിരിക്കും പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. എന്നാൽ അതിൽ വ്യക്തതയില്ല. കാരണം ഈ വിഷ്വല്‍ പരിശോധിച്ചാല്‍ അതൊരു യഥാര്‍ഥ യുദ്ധത്തിന്റെതല്ലെന്ന് മനസിലാക്കാനാകുന്നുണ്ട്.
https://www.youtube.com/watch?v=8g8hAHCeWnE
ഒരു ഷൂട്ടിംഗ് ലെക്കേഷനിലേത് പോലെയാണ് അതിലെ വീഡിയോ. ദൃശ്യം ശ്രദ്ധിച്ചാല്‍ തറയില്‍ കിടന്ന് കരയുന്ന ബാലന്റെ മുന്നിലൂടെ നടന്നുപോകുന്ന വ്യക്തി ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും കൈയ്യില്‍ പിടിച്ചിട്ടുള്ള കുന്തവും കാണാനാകുന്നുണ്ട്. ഇതില്‍ നിന്ന് പുരാണകഥകള്‍ പറയുന്ന സീരീസോ, സിനിമയോ ആകാനും സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിലും വ്യക്തതയില്ല. എന്നാൽ ഇത് റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ടതല്ല എന്നത് വ്യക്തമാണ്.