റഷ്യയിലെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പുതിയ വിൽപ്പന താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷൻ വെള്ളിയാഴ്ച അറിയിച്ചു. (റോയിട്ടേഴ്സ് റിപ്പോര്‍ട്ട്)
പുതിയ വിൽപ്പന താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനു പുറമേ, ഗവൺമെന്റ് ഉപരോധങ്ങൾക്ക് അനുസൃതമായി മൈക്രോസോഫ്റ്റ് റഷ്യയിലെ ബിസിനസ്സിന്റെ പല വശങ്ങളും നിർത്തുകയാണെന്ന് കമ്പനിയുടെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു.
ഈ ആഴ്ച ആദ്യം, വിൻഡോസ് ആപ്പ് സ്റ്റോറിൽ നിന്ന് ആർടിയുടെ മൊബൈൽ ആപ്ലിക്കേഷനുകൾ നീക്കം ചെയ്തതായും റഷ്യൻ സ്റ്റേറ്റ് സ്പോൺസേർഡ് മീഡിയയിലെ പരസ്യങ്ങൾ നിരോധിച്ചതായും മൈക്രോസോഫ്റ്റ് അറിയിച്ചു.
റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെത്തുടർന്ന് മോസ്‌കോയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ആപ്പിള്‍, നൈക്ക്, ഡെൽ ടെക്നോളജീസ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കമ്പനികൾ റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിച്ചിരുന്നു.
റഷ്യയിലെ എല്ലാ ഉൽപ്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തിവച്ചതായി ആപ്പിൾ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഡെൽ കഴിഞ്ഞ ആഴ്ചയും സമാനമായ നീക്കം നടത്തിയിരുന്നു.