സിഡ്നി: ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികന് ഷെയ്ൻ വോണിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കായികലോകം. ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ വോണിന്റെ വേർപാട് തീരാനഷ്ടമാണ്.
1992ൽ ഇന്ത്യക്കെതിരേ അരങ്ങേറിയ വോണ്‍ ആദ്യടെസ്റ്റിൽ നേടിയത് ഒരു വിക്കറ്റ് മാത്രമാണ്. അതും 150 റണ്‍സ് വഴങ്ങി. എന്നാൽ, 18 മാസങ്ങൾക്കുശേഷം നൂറ്റാണ്ടിന്റെ പന്തെറിഞ്ഞുകൊണ്ട് ആരാധകരെ വോണ്‍ ഞെട്ടിച്ചു.
1993 ആഷസ് പരന്പരയിൽ ഇംഗ്ലണ്ടിന്റെ മൈക്ക് ഗാറ്റിംഗിനെതിരേ ഓൾഡ് ട്രാഫോർഡിലായിരുന്നു അത്. ഇംഗ്ലണ്ടിന്റെ വലങ്കയ്യൻ ബാറ്റർ മൈക് ഗാറ്റിങ്ങായിരുന്നു സ്ട്രൈക്കിൽ. ലെഗ്സ്റ്റംപിനു പുറത്ത് ഇഞ്ചുകൾ മാറി പിച്ചുചെയ്ത പന്ത് അസാധാരണമാംവിധം തിരിഞ്ഞ് ഗാറ്റിംഗിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു. ഗാറ്റിങ് വിശ്വസിക്കാനാകാതെ പിച്ചിലേക്കു തന്നെ നോക്കി പകച്ചുനിന്നു. ഗാറ്റിങ് മാത്രമല്ല, ഫീൽഡിലുണ്ടായിരുന്ന വോണിന്റെ സഹതാരങ്ങൾക്കു പോലും ആ നിമിഷം വിശ്വസിക്കാനായില്ല.
ലോകത്തെ അമ്പരിപ്പിച്ച ആ ഡെലിവറി പിന്നീട് ‘നൂറ്റാണ്ടിന്റെ പന്ത്’ എന്ന് അറിയപ്പെട്ടു. ആ ഒരൊറ്റ പന്തിലൂടെ ലോകത്തിലെ മുൻനിര സ്പിന്നർമാരുടെ കൂട്ടത്തിലേക്ക് നടന്നുകയറുകയായിരുന്നു ഷെയ്ൻ വോൺ.
15 വർഷം നീണ്ട ടെസ്റ്റ് കരിയറിൽ 145 മത്സരം കളിച്ച വോണ്‍ 708 വിക്കറ്റുകളാണ് വാരിക്കൂട്ടിയത്. 194 ഏകദിനങ്ങളിൽനിന്ന് 293 വിക്കറ്റും വോണ്‍ സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2006 ൽ ഇംഗ്ലണ്ടിനെതിരേ നാട്ടിൽ നടന്ന ആഷസ് പരന്പരയോടെയാണ് വോണ്‍ ക്രിക്കറ്റിൽനിന്നു വിരമിച്ചത്. പ്രശസ്തമായ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ കെവിൻ പീറ്റേഴ്സന്റെ അടക്കമുള്ള നിർണായക വിക്കറ്റുകൾ നേടിയാണ് വോണ്‍ മത്സരം അവസാനിപ്പിച്ചത്. ആൻഡ്രൂ ഫ്ളിന്േറാഫാണ് ടെസ്റ്റിൽ വോണിന്റെ അവസാന ഇര.
ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങിയപ്പോൾ മുതൽ രാജസ്ഥാൻ റോയൽസിന്റെ നായകനും പരിശീലകനുമായ വോണ്‍ നാലു സീസണുകൾ പൂർത്തിയാക്കിയാണ് വിരമിച്ചത്. റോയൽസിന് ആദ്യ വർഷത്തെ കിരീടം നേടിക്കൊടുക്കാനും വോണിനും കഴിഞ്ഞു.
ഐ.പി.എല്ലില്‍ നിന്നും വിട്ട ശേഷം ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ സജീവമായിരുന്ന വോണ്‍ 2013 ജനുവരി 16 ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. പിന്നീട് ക്രിക്കറ്റ് നിരീക്ഷകനായും കമന്റേറ്ററായും ആരാധകര്‍ക്കിടയില്‍ സജീവമായി. അതിനിടയില്‍ 2015-ല്‍ ഓള് സ്റ്റാഴ്സ് ക്രിക്കറ്റ് സീരിസിലും കളിച്ചു.
അന്ന് വോണിന്റെ നേതൃത്വത്തിലുള്ള വോണ്‍ വാരിയേഴ്സ് സച്ചിന്റെ ടീമായ സച്ചിന്‍സ് ബ്ലാസ്റ്റേഴ്സുമായി ഏറ്റുമുട്ടിയിരുന്നു. സീരിസില്‍ വോണിന്റെ ടീമാണ് കിരീടം നേടിയത്.
വോണിന്റെ ചില റെക്കോഡുകള്‍
-ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ നാല് വിക്കറ്റ് വീഴ്ത്തിയ താരം
-ഒരു സെഞ്ചുറി പോലുമില്ലാതെ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം
-ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം