സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്നാണ് റിപ്പോർട്ടുകൾ. തായ്ലൻഡിൽ വച്ചായിരുന്നു മരണം. 52 വയസ്സായിരുന്നു.
“ഷെയ്ൻ തന്‍റെ വില്ലയിൽ പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തി, മെഡിക്കൽ സ്റ്റാഫിന്റെ പരമാവധി ശ്രമിച്ചിട്ടും അദ്ധേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല,”
“കുടുംബം ഈ സമയത്ത് സ്വകാര്യത അഭ്യർത്ഥിക്കുന്നു, കൂടുതൽ വിശദാംശങ്ങൾ യഥാസമയം നൽകും.”-വോണിന്റെ മാനേജ്മെന്റ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ലോക ക്രികറ്റിലെ ഏറ്റവും മികച്ച സ്പിന്നറായി കണക്കാക്കപ്പെടുന്ന വോൺ, ഓസ്‌ട്രേലിയയ്‌ക്കായി 145 ടെസ്റ്റുകൾ കളിച്ചു, കൂടാതെ 708 വിക്കറ്റുകളും നേടിയിട്ടുണ്ട്. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ മാത്രമാണ് ഈ സംഖ്യ മറികടന്നത്. 1999 ഏകദിന ലോകകപ്പും 1001 അന്താരാഷ്ട്ര വിക്കറ്റുകളും അദ്ദേഹം നേടി.
ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് രണ്ടാമത്തെ പ്രഹരമാണ് ഈ വാർത്ത. സഹതാരം റോഡ് മാർഷും കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.