യുക്രൈൻ- റഷ്യ യുദ്ധത്തിൽ നിന്നുള്ള ദൃശ്യം എന്ന നിലയിൽ വീഡിയോ ഗെയിമുകളിലെ ചിത്രങ്ങളും വീഡിയോകളും മലയാളം ചാനലുകളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. യുക്രൈനെ ഇന്ത്യ ആക്രമിച്ചു എന്ന് തെറ്റിവായിച്ച ഒരു ചാനലിന് പറ്റിയ അബദ്ധവും നമ്മൾ കണ്ടിരുന്നു. സംഭവത്തിന് പിന്നാലെ നിരവധി ട്രോളുകളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സമാനമായ തെറ്റ് മനോരമ ന്യൂസും നൽകി എന്ന ആരോപണത്തോടൊപ്പം ഒരു വീഡിയോ പ്രചരിക്കുകയുണ്ടായി. ‘ലോകം മുഴുവൻ ആഗ്രഹിച്ച യുദ്ധം തുടങ്ങിയിരിക്കുകയാണ്..’ എന്ന് ചാനലിൽ അവതാരകൻ പറയുന്നത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മനസിലായി. വീഡിയോയിൽ അവതാരകന്റെ വാക്കുകൾ ഇടയിൽ വെച്ച് മുറിച്ചെടുത്താണ് ഈ തെറ്റായ പ്രചരണം നടത്തിയത്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fnishapurushoth2%2Fvideos%2F643243930276453%2F&show_text=false&width=560&t=0
യുക്രൈൻ- റഷ്യ സംഘർഷം ആരംഭിച്ച ഫെബ്രുവരി 24ന് സംപ്രേഷണം ചെയ്ത വീഡിയോ ആണിത്. ഫെബ്രുവരി 24 വൈകുന്നേരം മുതലാണ് ഈ വീഡിയോ വൈറലാകാൻ തുടങ്ങിയത്. ഫെബ്രുവരി 25ന് മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമൻ പ്രചരിക്കുന്ന വാർത്ത വ്യാജമാണ് എന്ന് പറഞ്ഞുകൊണ്ട് ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു. ‘സംഭവിക്കരുത് എന്ന് ലോകം മുഴുവൻ ആഗ്രഹിച്ച യുദ്ധം തുടങ്ങിയിരിക്കുകയാണ്..’ എന്ന വാക്യത്തിൽനിന്ന് ആദ്യഭാഗം മുറിച്ചുമാറ്റിയാണ് വ്യാജ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതേ വാർത്തയുടെ മുഴുവൻ ഫൂട്ടേജ് മനോരമ ന്യൂസിന്റെ യൂട്യൂബ് പേജിൽ ലഭ്യമാണ്. ‘ഈ വ്യാജ പ്രചരണത്തിന് എതിരെ മനോരമ ന്യൂസ് ടിവി നിയമനടപടി ആരംഭിച്ചിട്ടുണ്ട്. ഇതിൽനിന്നും ചാനൽ അവതാരകന്റെ വാക്കുകൾ പകുതിക്ക് വെച്ച് മുറിച്ചെടുത്തുള്ള വ്യാജപ്രചരണമാണ് ഇതെന്നത് വ്യക്തമാണ്.
















