പരവൂര്‍: വീടുനിര്മിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരില്‍നിന്നു ലഭിച്ച പണത്തിന്റെ പങ്ക് നൽകുന്നില്ല എന്ന് ആരോപിച്ച് സ്വന്തം മകളുടെ കാല് തല്ലിയൊടിച്ച അച്ഛനെ പരവൂര്‍ പോലീസ് പിടികൂടി. നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ അജയനെ(47)യാണ് അറസ്റ്റിലായത്.
മകള്‍ അഞ്ജുവിന്റെ കാലാണ് ഇയാള്‍ കട്ടിളകൊണ്ട് തല്ലി ഓടിച്ചത്. കാലിൽ പൊട്ടലുണ്ടായ ഇവര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.
അഞ്ജുവിന് പരവൂര്‍ നഗരസഭയില്‍നിന്നു വീടുനിര്‍മാണത്തിന് സഹായം ലഭിച്ചിരുന്നു. വീടിന്റെ പണി ആരംഭിക്കുകയും ചെയ്തു. ഏറെക്കാലമായി വീട്ടില്‍നിന്നു മാറി പാരിപ്പള്ളിയില്‍ താമസിക്കുകയായിരുന്ന അജയന് ഇതറിഞ്ഞെത്തി പണത്തിന്റെ പങ്ക് ആവശ്യപ്പെടുകയും. കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മകളെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.