ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. മാർച്ച് 10നാണ് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഇതിനിടെ യുപി ഇലക്ഷനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിരവധി വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്, ഒരു പോളിംഗ് സ്‌റ്റേഷനിലെ കള്ളവോട്ട് ദൃശ്യങ്ങളാണ്. എന്നാൽ ഇത് യുപിലെ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് എന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. ‘യോഗി, പൂർവ്വാധികം ശക്തിയോടെ തുടർ ഭരണം ഉറപ്പിക്കുന്നു….’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്. എന്നാൽ പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് ഉത്തർപ്രദേശിൽ നിന്നുള്ള ദൃശ്യങ്ങളല്ല.
പ്രചരിക്കുന്ന ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കിയാൽ തന്നെ മനസിലാകും അത് ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധമുള്ളതല്ല എന്ന്. പ്രചരിക്കുന്ന വീഡിയോയിൽ വോട്ടിംഗ് മെഷീൻ വച്ചിരിക്കുന്നതിന് സമീപത്തായി പ്രിസൈഡിംഗ് ഓഫീസർ ഇരിക്കുന്നതായി കാണാം. ഇവിഎമ്മിന് സമീപം നീല ടീ ഷർട്ട് ധരിച്ച ഒരു യുവാവ് നിൽക്കുന്നു. അയാൾ ഒരു ബാഡ്ജ് ധരിച്ചിട്ടുണ്ടെങ്കിലും അത് അവ്യക്തമാണ്. ഇടത് കൈ പോക്കറ്റിലിട്ടുകൊണ്ട് വലതു കൈ ഉപയോഗിച്ച് ബട്ടൺ അമർത്താൻ തയ്യാറായി നിൽക്കുന്നതാണ് ദൃശ്യം. വീഡിയോയുടെ തുടക്കത്തിൽ ഒരു സ്ത്രീ വോട്ട് ചെയ്തു പോകുന്നതായി കാണാനാകുന്നുണ്ട്.
അടുത്തതായി ഒരാൾ ഇവിഎമ്മിന് സമീപത്തെത്തുന്നുണ്ടെങ്കിലും അയാൾക്ക് വേണ്ടി ബട്ടൺ അമർത്തിയത് നീല ടീ ഷർട്ട് ധരിച്ച യുവാവാണ്. ബട്ടൺ അമർത്തിയപ്പോഴുള്ള ബീപ് ശബ്ദം കേൾക്കാനാവുന്നുണ്ട്. പിന്നീട് മറ്റൊരാൾ വരുന്നുണ്ടെങ്കിലും അയാൾക്കും വോട്ട് ചെയ്യാനായില്ല. മൂന്നാമതൊരാൾ കൂടി ഇവിഎമ്മിന് അടുത്തേയ്ക്ക് വരികയും വോട്ടു ചെയ്യാതെ മടങ്ങുകയും ചെയ്യുന്നത് കാണാനാകുന്നുണ്ട്. ഈ സമയങ്ങളിലെല്ലാം പ്രിസൈഡിംഗ് ഓഫിസർ സമീപത്തുണ്ടെങ്കിലും പ്രതികരിക്കുന്നില്ല. വീഡിയോയുടെ സത്യാവസ്ഥ അറിയാൻ ഇത് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ചില വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പേജിലും ഈ വീഡിയോ കാണാനായി. ഇതിൽ നിന്ന് സംഭവം നടന്നത് വെസ്റ്റ് ബംഗാളിലാണെന്നും യുപിയിൽ അല്ലെന്നും മനസിലായി.
ഇത് വെസ്റ്റ് ബംഗാളിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ ദൃശ്യങ്ങളാണ്. കൊൽക്കത്ത ലേക്വ്യൂ സ്‌കൂളിന്റെ 106-ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വീഡിയോയിൽ ബ്ലൂ ടീ ഷർട്ട് ധരിച്ച യുവാവ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎം ആരോപണം ഉന്നയിച്ചതായ ഒരു റിപ്പോർട്ടും കാണാൻ സാധിച്ചു. ഈ വിവരങ്ങളിൽ നിന്നെല്ലാം പ്രചരിക്കുന്ന വീഡിയോ യുപിയിലെ ഇലക്ഷനുമായി യാതൊരു ബന്ധവുമില്ല എന്നത് വ്യക്തമാണ്.