ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം നടത്തിയ വിവാദ പരാമർശത്തിൽ എടികെ മോഹൻബഗാൻ താരം സന്ദേശ് ജിങ്കാന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) താക്കീത്.
എഐഎഫ്എഫ് നടത്തിയ അന്വേഷത്തിൽ ജിങ്കാൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ജിങ്കാൻ മാപ്പുചോദിച്ച സാഹചര്യത്തിൽ ഇത്തവണ കൂടുതൽ നടപടികൾ ഒഴിവാക്കുകയാണെന്ന് ഫെഡറേഷൻ അറിയിച്ചു. ഭാവിയിൽ സമാനമായ പിഴവ് ആവർത്തിച്ചാൽ ശക്തമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.
കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാന് വിവാദ പരാമര്‍ശം നടത്തിയത്. ”ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം” (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു വന്നിരിക്കുന്നു) എന്നാണ് ജിങ്കാന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജിങ്കാന്റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.