ചെങ്ങന്നൂര്‍: പിരളശ്ശേരിയില്‍ നടന്ന കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എം.പി. കൊടിക്കുന്നില്‍ സുരേഷ് ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇന്ന് രാവിലെ 10 മണിയോടെ പിരളശേരി ജംഗ്ഷനില്‍ കല്ലിടാനെത്തിയ പോലീസ്- റവന്യു- കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.
എംസി റോഡിന് സമീപത്തായി രണ്ടിടങ്ങളില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ ജനകീയ സമരസമിതിയിലെ ഒരു യുവതിയടക്കം 18 പേരെ പോലീസ് അറസ്റ്റു ചെയ്ത് സ്‌റ്റേഷനിലേക്ക് മാറ്റി. വിവരം അറിഞ്ഞ ഉച്ചയ്ക്ക് 2 മണിയോടെ സ്‌റ്റേഷനിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് എം.പി., സി.ഐ. ആര്‍.ജോസിനോട് അറസ്റ്റു ചെയ്തവരെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സമ്മതമില്ലാതെ വിട്ടയ്ക്കാന്‍ കഴിയില്ലെന്ന് സി.ഐ. അറിയിച്ചതോടെ എം.പി.യും ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളും സ്‌റ്റേഷനു മുമ്പില്‍ കുത്തിയിരിരുന്ന് മുദ്രാവാക്യം വിളിച്ചു.
കെപിസിസി സെക്രട്ടറി അഡ്വ. എബി കുര്യാക്കോസ്, ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.ജോണ്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോര്‍ജ് തോമസ്, നഗരസഭാ വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, മുന്‍ ചെയര്‍മാന്‍ കെ.ഷിബുരാജന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.വി.ഗോപിനാഥന്‍, ആര്‍.ബിജു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിന്‍ പുത്തന്‍കാവ്, പ്രവീണ്‍ എന്‍ പ്രഭ, ജോസഫ് തുറയില്‍, കെ.മുരളീധരന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വൈകിട്ട് 4 ന് പിരളശേരി സ്‌കൂളിന് സമീപം കല്ലിടുന്നതുമായി ബന്ധപ്പെട്ട് ഹൃദ്രോഗിയായ പൂപ്പന്‍കര മോടിയില്‍ തച്ചിലേത്ത് റെജി ചാക്കോയെ അകാരണമായി അറസ്റ്റു ചെയ്തുനീക്കി എന്നാരോപിച്ച് സമരക്കാര്‍ പ്രതിഷേധവുമായി വന്നതോടെ എം.പി.യും സ്ഥലത്തെത്തി. പോലീസ്- റവന്യു- കെ റെയില്‍ ഉദ്യോഗസ്ഥരോട് സ്ഥലം വിട്ടുപോകണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ആവശ്യപ്പെട്ടു. അറസ്റ്റു ചെയ്തവരെ ദേഹോദ്രപവം ഏല്‍പ്പിച്ചതിന് പോലീസിനോട് എം.പി.കയര്‍ത്തു സംസാരിക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജനെ ഫോണില്‍ വിളിച്ച് ഉദ്യോഗസ്ഥരെ സ്ഥലത്തു നിന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് നാലരയോടെ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തു നിന്നും പോയതിനുശേഷമാണ് എം.പി.യും നാട്ടുകാരും അവിടെനിന്നും പോയത്. കെ റെയില്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ സ്ത്രീകളടക്കമുള്ള നാട്ടുകാരെ മര്‍ദ്ദിക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്ത പോലീസ് നടപടിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രതിഷേധിച്ചു. രോഗിയായ ആളെപ്പോലും മര്‍ദ്ദിച്ച പോലീസ് നടപടി നീതികരിക്കാനാവില്ല. സര്‍വ്വേയും കല്ലിടലും അടിയന്തിരമായി നിര്‍ത്തിവെക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. പോലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അറസ്റ്റ് ചെയ്തവരെ 5 മണിയോടെ വിട്ടയച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധ പ്രകടനവും ബഥേല്‍ ജംഗ്ഷനില്‍ പ്രതിഷേധ സമ്മേളനവും നടത്തി.