റഷ്യ- യുക്രൈന്‍ സംഘര്‍ഷം ഇപ്പോഴും ചൂടുപിടിക്കുകയാണ്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വര്‍ധിച്ചുവരുന്ന വിവരമാണ് മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇരു രാജ്യങ്ങളിലും യുദ്ധത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുകയാണ്. നിരവധി ദൃശ്യങ്ങളാണ് ഈ സംഘര്‍ഷത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്. പഴയ ചിത്രങ്ങളും വീഡിയോ ഗെയിമുകളിലെ ദൃശ്യങ്ങളുമെല്ലാം ഉപയോഗിച്ച് നിരവധി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നമ്മൾ ഇതിനോടകം കണ്ടു കഴിഞ്ഞു. അതിന്റെ എല്ലാം സത്യാവസ്ഥ നമ്മൾ പരിശോധിച്ച് അത് വ്യാജ വാർത്തകളാണെന്ന് കണ്ടെത്തുകയും ചെയ്തു. അത്തരത്തിൽ പ്രചരിക്കുന്ന മറ്റൊരു ചിത്രം ശ്രദ്ധയിൽ പെടാൻ സാധിച്ചു. അതിന്റെ സത്യാവസ്ഥ പരിശോധിക്കുകയാണ് ഇന്നത്തെ ഫാക്ട് ചെക്ക്.
തകർന്നടിഞ്ഞ കെട്ടിടങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ട് നിൽക്കുന്ന കുഞ്ഞ്…റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ കരളലയിക്കുന്ന ചിത്രം എന്ന തലകെട്ടോടെയാണ് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രം പങ്കുവയ്ക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് നിലവിലെ റഷ്യ-യുക്രൈൻ യുദ്ധവുമായി യാതൊരു ബന്ധമില്ലെന്നതാണ് യാഥാർത്ഥ്യം. ‘ഏഞ്ചൽ, എ സോങ്ങ് അബൗട്ട് ചിൽഡ്രൻ ഓഫ് ഡോൺബാസ്’ എന്ന മ്യൂസിക് വിഡിയോയിലെ ദൃശ്യമാണ് ഇത്. 2015 ലാണ് ഈ വിഡിയോ പുറത്തിറങ്ങിയത്. വിഡിയോ പ്ലേ ചെയ്ത് അൻപത് സെക്കൻഡ് പിന്നിടുന്നതോടെ വ്യാജ പ്രചാരണത്തിനുപയോഗിച്ച ദൃശ്യങ്ങൾ കാണാൻ സാധിക്കും. വിഡിയോ ഗാനത്തിലെ ആ കുട്ടികൾ സഹോദരങ്ങളാണ്. ഇരുവരും മാതാപിതാക്കൾക്കൊപ്പം യുക്രൈനിലാണ് താമസം. ഈ വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് വ്യക്തമാകും ഇത് ഇപ്പോൾ നടക്കുന്ന റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അല്ല എന്ന്.