ഗോവ: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റിയെ വീഴ്ത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരേ മൂന്നു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് സെമി പ്രതീക്ഷ സജീവമാക്കി.
മലയാളി താരം സഹൽ അബ്ദുസ്സമദ് മനോഹരമായ സോളോ ഗോളോടെ തുടക്കമിട്ട സ്‌കോറിങ് ഇരട്ട ഗോളുമായി അൽവാരോ വാസ്‌ക്വെസ് ഏറ്റെടുത്തപ്പോൾ ആധികാരികമായാണ് മഞ്ഞപ്പട ജയിച്ചു കയറിയത്. ഡീഗോ മൗറീഷ്യോയാണ് മുംബൈയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
നിലവില്‍ 19 മത്സരങ്ങളില്‍ 33 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്താണ്. ഇനി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ സമനില നേടിയാല്‍ കേരളാ ടീമിന് സെമിയിലെത്താം. അവസാന കളിയിൽ മുംബൈ ജയിക്കാതിരിക്കുകയാണെങ്കിൽ ഗോവയോട് തോറ്റാലും മഞ്ഞപ്പടക്ക് അവസാന നാലിൽ ഫിനിഷ് ചെയ്യാനാകും.