ന്യൂഡൽഹി: സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാർ വിലക്ക് ഹൈക്കോടതി സിംഗിൾ ബഞ്ചിന് പിന്നാലെ ഡിവിഷൻ ബഞ്ചും ശരിവച്ചതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് മീഡിയ വൺ ചാനൽ ഉടമകൾ. ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡാണ് പരമോന്നത കോടതിയെ സമീപിച്ചത്.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
ഹർജി അടിയന്തരമായി കേൾക്കണമെന്ന് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് അഭിഭാഷകർ വഴി നാളെ സുപ്രീം കോടതിയിൽ ആവശ്യപ്പെടും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ആവശ്യം ഉന്നയിക്കുക. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിക്ക് എതിരെ മണിക്കൂറുകൾക്കമാണ് അഭിഭാഷകരായ ഹാരിസ് ബീരാൻ, പല്ലവി പ്രതാപ് എന്നിവർ മുഖേനെ മീഡിയ വൺ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് വിലക്കേർപ്പെടുത്തിയിരുന്നത്. മുദ്രവച്ച കവറിലാണ് മന്ത്രാലയം വിവരങ്ങൾ സിംഗിൾ ബെഞ്ചിന് മുമ്പാകെ കൈമാറിയിരുന്നത്.