കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉള്‍പ്പടെയുള്ളവരുടെ പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഹര്‍ജി വിധി പറയുന്നതിനായി മാറ്റി വച്ചത്.
റോയി വയലാറ്റിന്റെ കൂട്ടാളി സൈജു തങ്കച്ചന്‍, ഇയാളുടെ സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി എന്നിവരുടെ ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി പറയും.
കഴിഞ്ഞ മാസം കേസ് പരിഗണിക്കുമ്പോള്‍ ഇരയായ പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യ മൊഴി പരിശോധിക്കുന്നതിനായി കോടതി കേസ് മാറ്റി വെക്കുകയായിരുന്നു. കേസില്‍ വിധി പറയുന്നതു വരെ പ്രതികളെ അറസ്റ്റു ചെയ്യില്ലെന്ന നിലപാട് അന്വേഷണ സംഘവും കോടതിയില്‍ സ്വീകരിച്ചു.
2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും മകളും നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോഡലുകളുടെ മരണം ഉണ്ടായപ്പോള്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് അതിജീവിതയും അന്വേഷണ സംഘവും ഉന്നയിച്ചിരുന്നത്.