ഷെയ്ൻ നിഗത്തെ(Shane Nigam) നായകനാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ‘ബർമുഡ’യുടെ(Bermuda Movie) റിലീസ് തിയതി പുറത്തുവിട്ടു. മെയ് ആറിനാകും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. റിലീസുമായി ബന്ധപ്പെട്ട പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
കശ്‍മീരി നടി ഷെയ്‍ലീ കൃഷൻ ആണ് ചിത്രത്തിൽ നായികയാവുന്നത്. സന്തോഷ് ശിവൻറെ വരാനിരിക്കുന്ന ചിത്രങ്ങളായ ‘ജാക്ക് ആൻഡ് ജിൽ’, ‘മോഹ’ എന്നീ ചിത്രങ്ങളിൽ ഷെയ്ലീ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നടൻ മോഹൻലാൽ ഗായകനായി എത്തുന്നുണ്ട്. നേരത്തെ ടി.കെ. രാജീവ് കുമാറിന്റെ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിൽ മോഹൻലാൽ പാടിയിരുന്നു. ചിത്രത്തിലെ ‘കൈതപ്പൂവിൻ കന്നികുറുമ്പിൽ’ എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്.
നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഇന്ദുഗോപൻ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ൻ നിഗം അവതരിപ്പിക്കുന്നത്. ഇന്ദുഗോപൻ സബ് ഇൻസ്പെക്ടർ ജോഷ്വയുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിൻറെ കഥാവികാസം. കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. ജോഷ്വയായി വേഷമിടുന്നത് വിനയ് ഫോർട്ട് ആണ്. ഹരീഷ് കണാരൻ, സൈജു കുറുപ്പ്, സുധീർ കരമന, മണിയൻപിള്ള രാജു, ഇന്ദ്രൻസ്, സാജൻ സുദർശൻ, ദിനേശ് പണിക്കർ, കോട്ടയം നസീർ, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിൻ ഷെറീഫ്, ഷൈനി സാറ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FShaneNigamOfficial%2Fposts%2F504309014390423&show_text=true&width=500