ന്യൂഡൽഹി;ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ വിമാനങ്ങൾ ഇന്നെത്തും. ബുക്കാറസ്റ്റിനും ബുഡാപെസ്റ്റിനും പുറമെ സ്ലൊവാക്യ, റഷ്യ വഴിയുള്ള രക്ഷാപ്രവർത്തനം സാധ്യമാക്കാൻ ആണ് ശ്രമം തുടരുന്നത്. എയർ ഇന്ത്യക്ക് പുറമെ ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളും രക്ഷാ ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. നിലവിൽ രക്ഷാ പ്രവർത്തനം നടക്കുന്ന ഹംഗറി, റുമേനിയ എന്നീ രാജ്യങ്ങൾക്ക് പുറമെ പോളണ്ട്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിൽ നിന്നും രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള വിമാനങ്ങൾ എത്തിത്തുടങ്ങും. ഇന്ത്യൻ വ്യോമസേനകൂടി ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നതോടെ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ കരുത്ത് ലഭിക്കും.
നേരത്തെ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 3 വിമാനങ്ങളാണ് ഇന്ന് എത്തുമെന്ന് അറിയിച്ചിരുന്നത് എങ്കിലും കൂടുതൽ വിമാനങ്ങളിൽ ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തിരിച്ചെത്തിക്കും. കിയവിൽ നിന്ന് ട്രൈന്‍ മാര്‍ഗം എത്തിയ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുമ്പോൾ കൂടുതൽ വിദ്യാർത്ഥികൾ എംബസി നിർദ്ദേശപ്രകാരം കിഴക്കൻ മേഖലകളിൽ നിന്ന് അതിർത്തിയിലേക്ക് എത്തുന്നുണ്ട്.
















