കൊച്ചി: ഇടതുമുന്നണി വിപുലീകരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുന്നണിയിലേക്കു കൊണ്ടുവരാന്‍ പറ്റിയ കക്ഷികള്‍ ഇല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുസ്ലിം ലീഗുമായി ഒരു കൂട്ടുകെട്ട് ആഗ്രഹിക്കുന്നില്ല. അതേസമയം സമസ്തയുമായി സഹകരിക്കുന്നതില്‍ വൈമനസ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോടിയേരി. മുന്നണി വിപുലീകരണത്തിലുപരി പാര്‍ട്ടി അംഗങ്ങളുടെ എണ്ണം കൂട്ടുകയാണ് അടുത്ത ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാൻ സാധിക്കണമെങ്കിൽ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ അംഗബലം വർധിക്കണമെന്നും കേരളത്തിന് ഇക്കാര്യത്തിൽ നിർണായക സംഭാവന ചെയ്യാൻ കഴിയുമെന്നും കോടിയേരി പറഞ്ഞു.
ഐഎന്‍എല്‍ ഇപ്പോള്‍ മുന്നണിയുടെ ഭാഗമാണ്. ആ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും അടി തുടരുകയും എല്‍ഡിഎഫിന് കോട്ടം തട്ടുകയും ചെയ്യുന്ന പക്ഷം പുറത്താക്കും.
ബിജെപിയെ ഒറ്റപ്പെടുത്തുക, യുഡിഎഫിനെ പരമാവധി ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു തൃശൂരില്‍ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ എടുത്ത തീരുമാനം. ആ രാഷ്ട്രീയലക്ഷ്യം കൈവരിക്കുന്നതില്‍ സിപിഎം വിജയംകണ്ടെന്നും കോടിയേരി പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങൾ കൂടുതലായി പാർട്ടിയിലേക്കു വന്നു എന്നാണ് അംഗത്വം തെളിയിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയോട് അടുക്കുന്നു. ഇനിയും അത് ശക്തിപ്പെടും. ഒരു കാലത്ത് പാർട്ടിയിൽ ശക്തമായ വിഭാഗീയത ഉണ്ടായിരുന്നു. സംസ്ഥാന നേതൃത്വം അതിൽ ഇടപെടുന്ന സ്ഥിതിയുണ്ടായി. ഇപ്പോൾ വിഭാഗീയതയ്ക്ക് പൂർണമായി അന്ത്യം കുറിച്ചു. എന്നാൽ, ചില നേതാക്കൾ തനിക്കു ചുറ്റും പാർട്ടി അണികളെ കൂട്ടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.