തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയിൽ എംപിമാർക്ക് പരാതികളുണ്ടെന്നും ആ പരാതികൾ പരിഹരിച്ച് പുന:സംഘടനയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി . ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാനാണ് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ആവശ്യപ്പെട്ടത്.
പുന:സംഘടന നിർത്തി വെക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടില്ല. ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് നിർദേശം കിട്ടിയത്. ജംബോ കമ്മിറ്റികൾ ഒഴിവാക്കി പകരം ആളെക്കുറച്ചുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം സാധാരണമാണ്. കെപിസിസി പ്രസിഡന്റ് ഹൈക്കമാൻഡിന് കത്തയച്ചത് അറിയില്ല. കെ.സുധാകരനുമായി എല്ലാ ദിവസവും ചർച്ച നടത്താറുണ്ട്. പുന:സംഘടനയിൽ ഒഴിവാകുന്നവർക്ക് അർഹിച്ച പരിഗണന നൽകുമെന്നും വിഡി സതീശൻ പറഞ്ഞു.