റഷ്യയെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിലക്കാൻ ഒരുങ്ങി ഫിഫ. ഇനിയൊരു തീരുമാനം വരുന്നതുവരെ റഷ്യൻ ദേശീയ ടീമിന് വിലക്കേർപ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി ഫിഫ യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനുമായി(യുവേഫ) വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
വിലക്കേർപ്പെടുത്താനാണ് തീരുമാനമെങ്കിൽ ഇംഗ്ലണ്ടിൽ നടക്കുന്ന 2022 യൂറോകപ്പ് റഷ്യയ്ക്ക് നഷ്ടമാകും. അടുത്ത മാസം പോളണ്ടിനെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് പ്ലേഓഫ് പോരാട്ടത്തിലും റഷ്യൻ ടീമിന് കളിക്കാനാകില്ല. മത്സരം ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തെ പോളിഷ് ടീം പ്രഖ്യാപിച്ചിരുന്നു.
ഫിഫ റഷ്യയ്ക്ക് വിലക്കേർപ്പെടുത്തിയാൽ പോളണ്ടിന് നേരിട്ട് ലോകകപ്പ് യോഗ്യത ലഭിക്കും. ഐസ്‌ലൻഡും ജൂണിൽ റഷ്യയ്‌ക്കെതിരെ നടക്കാനുള്ള മത്സരം ബഹിഷ്‌ക്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും റഷ്യൻ താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് റഷ്യൻ താരങ്ങളെ വിലക്കാൻ നീക്കം നടത്തുന്നുണ്ട്. റഷ്യയുടെ സഖ്യരാജ്യമായ ബെലാറൂസ് താരങ്ങൾക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. റഷ്യൻ, ബെലാറൂസ് താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് വിവിധ കായിക ഫെഡറേഷനുകളോട് ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി(ഐ.ഒ.സി) നിർദേശിച്ചിട്ടുണ്ട്.