ചണ്ഡീഗഢ് : ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം യാത്ര ചെയ്ത സ്വകാര്യ ബസില്‍നിന്ന് രണ്ട് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ചണ്ഡീഗഢ് പോലീസ്. ശനിയാഴ്ച, നടത്തിയ പതിവുപരിശോധനയ്ക്കിടെയാണ് ബസിലെ ലഗേജുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് പോലീസിന് രണ്ട് ബുള്ളറ്റ് ഷെല്ലുകള്‍ ലഭിച്ചത്.
ശ്രീലങ്കന്‍ ടീം താമസിച്ചിരുന്ന ചണ്ഡീഗഢിലെ ലളിത് ഹോട്ടലില്‍നിന്ന് താരങ്ങളെ മൊഹാലിയിലെ ആര്‍.എസ് ബിന്ദ്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ കൊണ്ടുവിട്ട ബസില്‍നിന്നാണ് ഷെല്ലുകള്‍ കണ്ടെടുത്തിട്ടുള്ളത്. ബസ് ഹോട്ടല്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്ത് ഐ.ടി. പാര്‍ക്ക് പോലീസ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ഇതോടെ സംഭവത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചണ്ഡീഗഢിലെ ‘താര ബ്രദേഴ്‌സ്’ എന്ന സ്ഥാപനത്തില്‍നിന്ന് വാടകയ്‌ക്കെടുത്ത സ്വകാര്യ ബസാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഈ ബസ് അടുത്തിടെ പഞ്ചാബില്‍ നടന്ന ഒരു വിവാഹത്തിനായി ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. വിലക്കുണ്ടെങ്കിലും ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിര്‍ക്കുന്ന പതിവ് പഞ്ചാബിലെ വിവാഹങ്ങള്‍ക്കുണ്ട്. ഇതേത്തുടര്‍ന്ന് ബസിന്റെ ഡ്രൈവറെയും ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.