കങ്കണ റണൗത്ത് (Kangana Ranaut) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ആക്ഷൻ സ്പൈ ത്രില്ലർ ചിത്രം ധാക്കഡിൻറെ (Dhaakad) റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 27ന് ചിത്രം തിയറ്ററുകളിലെത്തും. കങ്കണയുടെ പാൻ ഇന്ത്യൻ റിലീസുമാണ് ചിത്രം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഒരു ബോളിവുഡ് ചിത്രത്തിൻറെ മലയാളം മൊഴിമാറ്റ പതിപ്പ് അപൂർവ്വമാണ്. പുതിയ പോസ്റ്ററിനൊപ്പമാണ് നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിക്കു ശേഷം എത്തുന്ന കങ്കണയുടെ പാൻ ഇന്ത്യൻ റിലീസ് ആണ് ധാക്കഡ്.
ഏജൻറ് അഗ്നി എന്നാണ് ചിത്രത്തിൽ കങ്കണ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിൻറെ പേര്. ഏപ്രിൽ മാസത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു നിർമ്മാതാക്കളുടെ ആദ്യ തീരുമാനം. എന്നാൽ കൊവിഡിനു ശേഷം തിയറ്ററുകൾ സജീവമായ സാഹചര്യത്തിൽ നിരവധി പുതിയ റിലീസുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങൾ ഏപ്രിൽ മാസത്തിലും പുതുതായി എത്തുന്നുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് റിലീസ് ഒരു മാസം കൂടി മുന്നോട്ട് നീട്ടിയത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. കുട്ടിക്കടത്തും സ്ത്രീകൾ നേരിടേണ്ടിവരുന്ന ചൂഷണവുമൊക്കെയാണ് വിഷയമെന്ന് അറിയുന്നു. പ്രതിനായക കഥാപാത്രമായി അർജുൻ രാംപാൽ എത്തുന്ന ചിത്രത്തിൽ ദിവ്യ ദത്തയും ശാശ്വത ചാറ്റർജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വൻ ബജറ്റിൽ പൂർത്തീകരിച്ചിരിക്കുന്ന ചിത്രത്തിന് മറ്റൊരു പ്രധാന പ്രത്യേകത കൂടിയുണ്ട്. വൻ കാൻവാസിൽ, ബഹുഭാഷകളിൽ തയ്യാറാക്കപ്പെട്ടിരിക്കുന്ന ഒരു ചിത്രത്തിൽ ഒരു നായികാതാരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ത്യൻ സിനിമയിൽ ആദ്യമായാണ്.