ഫത്തോര്‍ദ: ഐ.എസ്.എലിലെ ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു എഫ്.സിയെ തകര്‍ത്ത് എ.ടി.കെ. മോഹന്‍ ബഗാന്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്റെ വിജയം. ലിസ്റ്റണ്‍ കൊളാസോയും മന്‍വീര്‍ സിങ്ങും ഓരോ ഗോള്‍ വീതം നേടി.
ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ലിസ്റ്റണ്‍ കൊളാസോയിലൂടെ ടീം ലീഡെടുത്തു. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് കൊളാസോ ഗോളടിച്ചത്. രണ്ടാം പകുതിയില്‍ 85-ാം മിനിറ്റിലാണ് മന്‍വീര്‍ വലകുലുക്കിയത്. ബെംഗളൂരു താരം രോഹിത് കുമാറിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്.
ഈ വിജയത്തോടെ മോഹന്‍ ബഗാന് 18 മത്സരങ്ങളില്‍ നിന്ന് 34 പോയന്റായി. ഇതോടെ മോഹന്‍ ബഗാന്‍ സെമിഫൈനല്‍ സാധ്യത സജീവമാക്കി. നിലവില്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ടീം. നാലാമതുള്ള മുംബൈയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് 31 പോയന്റും അഞ്ചാമതുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന് 30 പോയന്റുമാണുള്ളത്.
ബെംഗളൂരു നേരത്തേ സെമി കാണാതെ പുറത്തായിരുന്നു. നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 26 പോയന്റുള്ള ബെംഗളൂരു ആറാം സ്ഥാനത്താണ്.