സിനിമകളുടെ റിലീസ് ദിനമുള്ള ഫാൻസ് ഷോകൾ നിരോധിക്കണമെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആവശ്യപ്പെട്ടു. വർഗീയ വാദം, തൊഴുത്തിൽ കുത്ത്, ഡീഗ്രേഡിങ് എന്നിവയാണ് ഫാൻസ് ഷോകൾ കൊണ്ട് നടക്കുന്നത്. സിനിമാ വ്യവസായത്തിന് ഇത് ഒരു ഗുണവും ചെയ്യുന്നില്ല. അതിനാൽ ഇത് നിരോധിക്കണമെന്ന നിലപാടിൽ ആണെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ ആവശ്യപ്പെടുകയും ചെയ്തു.
തീയറ്ററുകളിലേയ്‌ക്ക് ആളുകൾ എത്താത്തതിന്റെ പ്രധാന കാരണം ഇത്തരം ഫാൻസ് ഷോയ്‌ക്ക് ശേഷം നൽകുന്ന മോശം പ്രതികരണമാണ്. അതിനാൽ തന്നെ ഇത് നിരോധിക്കണം. മാർച്ച് 29ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിന് ശേഷം വിഷയത്തിൽ അന്തിമ തീരുമാനമാകും എന്ന് വിജയകുമാർ കൂട്ടിച്ചേർത്തു.