ഒറ്റപ്പാലം: ഉച്ചയ്ക്ക് 12 മണിയോടെയാണ് ചിലര്‍ പുഴയില്‍പ്പെട്ടുവെന്ന് ലക്കിടിയില്‍ വാര്‍ത്ത അറിയുന്നത് . ആര്, ആരൊക്കെ, എത്രപേര്‍…ആശങ്കകള്‍ ഏറെയായിരുന്നു.
ഒപ്പം, ഭാരതപ്പുഴയുടെ തടയണയോട് ചേര്‍ന്ന ഭാഗമായിരുന്നതിനാല്‍ ഒഴുക്കും ആഴവും കൂടുതലായിരുന്നുവെന്നതും ആശങ്കക്കിടയാക്കി. എന്നാലും, ലക്കിടിക്കാര്‍ അധികം കാത്തുനിന്നില്ല. പലരും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി ഓടിയെത്തി. തീരദേശറോഡില്‍നിന്ന് വാഹനമെത്താത്ത ഭാരതപ്പുഴയ്ക്ക് നടുവിലെ ഈ ഒറ്റപ്പെട്ട തുരുത്തിലേക്ക് അര കിലോമീറ്ററോളം നടന്നായിരുന്നു പോലീസും നാട്ടുകാരും വേഗത്തിൽ എത്തിയത്.
വെള്ളത്തില്‍ മുങ്ങിയവരുടെ മുഖാവരണങ്ങളും ചെരിപ്പുകളും കണ്ട പ്രദേശത്ത് തിരയാനായിരുന്നു ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ വി. ബാബുരാജിന്റെയും സംഘത്തിന്റെയും തീരുമാനം. ഭാരതപ്പുഴയില്‍ മിക്ക സ്ഥലങ്ങളിലും കാണാത്ത രൗദ്രഭാവമുള്ള പ്രദേശമാണിത്. അത്രയും ഒഴുക്കുള്ള വെള്ളത്തിലേക്ക് നാലഞ്ചുപേര്‍ എടുത്തുചാടി തിരച്ചില്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ അടിയൊഴുക്കില്‍പ്പെട്ട് മറ്റിടങ്ങളിലേക്ക് ഒഴുകിപ്പോയിരിക്കുമോയെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍, ഇവിടെ അടിഞ്ഞുകൂടിയ പായലുകള്‍ കേന്ദ്രീകരിച്ചായിരുന്നു തിരച്ചില്‍. വേഗത്തില്‍ത്തന്നെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ നാട്ടുകാര്‍ക്കായി. അപ്പോഴേക്കും പുഴയ്ക്കക്കരെ അഗ്‌നിരക്ഷാസേനയും എത്തിയിരുന്നു. അവരും ഒപ്പം കൂടി.
ഒടുവില്‍, ഒരു മണിക്കൂറിനകംതന്നെ നാല് മൃതദേഹങ്ങളും പുറത്തെടുത്തു. പിന്നീട് അര കിലോമീറ്ററോളം നാല് മൃതദേഹങ്ങളും സ്‌ട്രെച്ചറില്‍ താങ്ങി എടുത്താണ് പോലീസും നാട്ടുകാരും അഗ്‌നിരക്ഷാസേനാംഗങ്ങളും ആംബുലന്‍സുകളില്‍ എത്തിച്ചത്. 12.30-ന് തുടങ്ങിയ പരിശ്രമം 2.30-നുള്ളില്‍ത്തന്നെ പൂര്‍ത്തിയാക്കാനായി. ലക്കിടി പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.

















