യുക്രൈനിലെ റഷ്യൻ അധിനിവേശം നടക്കുന്നതിനിടയിൽ, ഒരു CNN ന്യൂസ് പ്രക്ഷേപണത്തിൽ നിന്നുള്ള ഒരു സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യക്ക് റഷ്യയുടെ ഭീഷണി എന്ന ലേബലിലാണ് ചിത്രം അടികുറിപ്പൊടിയോടെ പ്രചരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ചിത്രമുള്ള സ്ക്രീൻ ഷോട്ടാണ് പ്രചരിക്കുന്നത്.
സ്‌ക്രീൻ ഗ്രാബിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ചിത്രത്തോടൊപ്പം “ഇന്ത്യ ഇടപെടരുത്, അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുക” എന്ന ടൈറ്റിലോടെയാണ് ചിത്രം പ്രചരിക്കുന്നത്.
ഈ സ്‌ക്രീൻഗ്രാബ് ട്വിറ്റർ ചെയ്‌ത സോനു മെഹ്‌റ, രാജ്യത്തെ മാധ്യമങ്ങൾ റഷ്യൻ പ്രസിഡന്റിനെ പിന്തുണയ്‌ക്കുമ്പോൾ പുടിൻ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു. 3000-ലധികം ലൈക്കുകളാണ് ഈ ട്വീറ്റിന് ലഭിച്ചത്. മറ്റു നിരവധി പേരും ഈ വ്യാജ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഫാക്ട് ചെക്ക്
ലളിതമായ ഒരു റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ, 2019 നവംബർ 12 ലെ യഥാർത്ഥ CNN റിപ്പോർട്ട് കണ്ടെത്തി. എന്നാൽ വൈറൽ സ്‌ക്രീൻ ഗ്രാബിൽ യഥാർത്ഥത്തിൽ “2020 ലെ യു.എസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നതിനെക്കുറിച്ചുള്ള മികച്ച റഷ്യൻ ഔദ്യോഗിക തമാശകൾ” എന്നാണ് നൽകിയിട്ടുള്ളത്. ആ വാചകത്തിന് മുകളിൽ, “പുടിന്റെ പുതിയ പഞ്ച്ലൈൻ” എന്ന് പറയുന്നു.
വൈറൽ സ്‌ക്രീൻഗ്രാബിലെ വ്യാജ ഉദ്ധരണി ഉപയോഗിച്ച് യഥാർത്ഥ വാചകം മാറ്റിസ്ഥാപിച്ചതായി വ്യക്തമാണ്. ‘ദി ലീഡ് സിഎൻഎൻ’ 2019 നവംബർ 12 ന് ട്വിറ്ററിൽ യഥാർത്ഥ സ്‌ക്രീൻ ഗ്രാബ് ട്വീറ്റ് ചെയ്തിരുന്നു.
ചുരുക്കത്തിൽ, CNN സ്ക്രീൻ ഷോട്ട് വ്യാജമാണ്. “ഇന്ത്യ ഇടപെടരുത്, അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാവുക” എന്ന രീതിയിൽ ഒരു പരാമർശം റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ നടത്തിയിട്ടില്ല.