ധരംശാല: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാമ്പിനെ വീണ്ടും പരിക്ക് അലട്ടുന്നു. കൈത്തണ്ടക്ക് പരിക്കേറ്റ ഓപണർ റുതുരാജ് ഗെയ്ക്വാദ് ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയിൽ നിന്ന് പുറത്തായി. രണ്ടാം ട്വന്‍റി20 മത്സരം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് ബി.സി.സി.ഐ ഇക്കാര്യം അറിയിച്ചത്.
പരിശീലനത്തിനിടെ വലത്തേ കൈക്കുഴയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഋതുരാജിനെ ബി.സി.സി.ഐ ടീമില്‍ നിന്ന് പുറത്തിരുത്തി. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ഋതുരാജിന് ഇന്ത്യന്‍ ടീമിലിടം ലഭിച്ചത്. ഐ.പി.എല്ലില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിൻ്റെ ബലത്തിലാണ് സ്ഥിരതയുടെ പര്യായമായ ഋതുരാജിന് ഇന്ത്യന്‍ ടീമിലിടം ലഭിച്ചത്.
പക്ഷേ കളിക്കാന്‍ കാര്യമായി അവസരം ലഭിച്ചില്ല. അതിനിടയില്‍ പരിക്ക് കൂടി വന്നതോടെ താരം തളര്‍ന്നു. ഋതുരാജിന് പകരം മായങ്ക് അഗര്‍വാള്‍ ടീമിലിടം നേടി. മായങ്ക് ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. ആദ്യ ട്വന്റി 20യില്‍ വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്. രണ്ടാം മത്സരം ഇന്ന് ഏഴുമണിക്ക് ധരംശാലയില്‍ ആരംഭിക്കും.