കോഴിക്കോട്: താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൂനൂര് വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് (37)നെയാണ് താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആദ്ധ്രപ്രദേശില്‍ നിന്ന് ലോറിയില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് ചില്ലറവില്പനക്കാര്ക്ക് നല്‍കുന്നതാണ് ഇയാളുടെ രീതി. എത്തിക്കുന്ന കഞ്ചാവ് സൂക്ഷിക്കുന്നയിനായി അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റില്‍ വാടക വീട് എടുത്ത് കഴിയുകയായിരുന്നു. വെളളിയാഴ്ച്ച കൊടുവളളിയില്‍ നിന്നും 14 കിലോ കഞ്ചാവുമായി പിടിയിലായ ഷബീറില്‍ നിന്നുമാണ് മൊത്തവില്പനക്കാരനായ നഹാസിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അടിവാരത്ത് വാടകവീട്ടില്‍ നിന്നും വെളളിയാഴ്ച്ച വൈകുന്നേരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.