റഷ്യ-ഉക്രയ്ൻ യുദ്ധം രൂക്ഷമായതോടെ ആശങ്കയിലാണ് ലോകം മുഴുവൻ. ഈ സമയം നിരവധി വ്യാജ വാർത്തകളും ദൃശ്യങ്ങളുമെല്ലാം പുറത്ത് വന്നിരുന്നു. പലതും തെറ്റായ വാർത്തകളാണെന്ന് തെളിയിച്ചതുമാണ്. എന്നാൽ ഇന്നും സമൂഹമാധ്യമങ്ങളിൽ അത്തരത്തിലൊരു പ്രചാരണം നടന്നിരുന്നു. പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയയും കുടുംബവും യുക്രെയ്നിൽ കുടുങ്ങിയെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരിക്കുന്നത്. ‘നടി പ്രിയ മോഹനും കുടുംബവും യുക്രൈനിൽ കുടുങ്ങി’ എന്നായിരുന്നു പോസ്റ്റർ. എന്നാൽ പ്രചരിക്കുന്ന ഈ വാർത്ത തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
യുക്രെയ്നിൽ കുടുങ്ങിയെന്ന വാർത്ത തെറ്റാണെന്നു നടി പ്രിയ മോഹൻ തന്നെ സ്ഥിരീകരിച്ചു. താനും കുടുംബവും കൊച്ചിയിൽ തന്നെ ഉണ്ടെന്നും ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അഭ്യർഥിച്ചു. ആറു മാസം മുമ്പ് പ്രിയയും കുടുംബവും യുക്രെയ്നിൽ അവധി ആഘോഷിക്കുവാൻ പോയിരുന്നു. അന്നത്തെ യാത്രയുടെ ചില വിഡിയോകളും ചിത്രങ്ങളുമാണ് ചിലർ തെറ്റായ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. നടൻ നിഹാൽ പിള്ളയാണ് പ്രിയയുടെ ഭർത്താവ്. ഇരുവരുടെയും വിദേശയാത്രകളുടെ വിഡിയോകൾ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും യുക്രെയ്നിൽ അവധി ആഘോഷിക്കാനായി പോയത്.