തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ നെടുമങ്ങാട് മൂഴി സ്വദേശി അജീഷ് (36) മരണവിവരം അറിഞ്ഞ് പ്രതികരിച്ചത് പൊട്ടിച്ചിരിച്ചുകൊണ്ടെന്ന് പൊലീസ്. റിസപ്ഷനിസ്റ്റ് നീലൻ (അയ്യപ്പൻ) മരിച്ച വിവരം കസ്റ്റഡിയിലിരിക്കേയാണ് അജീഷ് അറിഞ്ഞത്. അമിതമായ ലഹരി ഉപയോഗം മൂലം ഇയാൾ സൈക്കോ അവസ്ഥയിലാണെന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിന് പിന്നാലെ താനിപ്പോഴാണ് ശരിക്കും താരമായതെന്ന് ഇയാൾ പറഞ്ഞതായും പൊലീസ് വെളിപ്പെടുത്തി.’ഒൻപത് കേസുകളിൽ ഞാൻ പ്രതിയായി. പക്ഷേ ഇപ്പോഴാണ് ശരിക്കും സ്റ്റാറായത്. ഇനി എല്ലാവരും എന്നെ പേടിക്കും’,അജീഷ് പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. അറിയപ്പെടുന്ന ഗുണ്ട ആകാനായിരുന്നു ചെറുപ്പത്തിലേ അജീഷിന്റെ ആഗ്രഹം. നാൽപ്പത് കേസുകളിൽ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പോത്ത് ഷാജിയെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ കുപ്രസിദ്ധനായി. ആനായിക്കോണത്ത് വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന അജീഷ് വാക്കുതർക്കത്തിനിടെ ബൈക്കിന്റെ സൈലൻസർ ഊരി ഷാജിയുടെ തലയ്ക്കടിക്കുകയായിരുന്നു.