മമ്മൂട്ടി (Mammootty) സിബിഐ അന്വേഷണോദ്യോഗസ്ഥൻ സേതുരാമയ്യരായി വീണ്ടും എത്തുന്ന ചിത്രത്തിൻറെ ടൈറ്റിൽ നാളെ പ്രഖ്യാപിക്കും. മോഷൻ പോസ്റ്ററിലൂടെ നാളെ വൈകിട്ട് അഞ്ചിനാണ് പ്രഖ്യാപനം. സൈന മൂവീസ് യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കുക. വീഡിയോയുടെ പ്രീമിയർ ലിങ്ക് സൈന മൂവീസ് ഇതിനകം ചാനലിൽ അവതരിപ്പിച്ചിട്ടുണ്ട്. സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിൻറെ (CBI 5) പേര് എന്തായിരിക്കുമെന്ന ചർച്ചകൾ പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരാധകർ ചോദിക്കുന്ന കാര്യമാണ്. സിരീസിലെ അഞ്ചാം ചിത്രമായതിനാൽ സിബിഐ 5 എന്നാണ് ഈ പ്രോജക്റ്റ് ഇതുവരെ അറിയപ്പെട്ടത്.
മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളിൽ ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസിയാണ് സിബിഐ സിരീസ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാണ് അഞ്ചാം ഭാഗം എത്തുന്നത്. മുകേഷ്, സായ്‍കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്‍ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, പ്രസാദ് കണ്ണൻ, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്‍ണൻ, അന്ന രേഷ്‍മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഥാപാത്രത്തിൻറെ ഒരു സ്റ്റിൽ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നെങ്കിലും അഞ്ചാം വരവിലെ സേതുരാമയ്യരുടെ ഫസ്റ്റ് ലുക്കിനായുള്ളകാത്തിരിപ്പിലാണ് ആരാധകർ.