ഉത്തർപ്രദേശിൽ വിവാഹം മുടക്കി വിഗ്ഗ്. വിവാഹ ദിവസം വരന്റെ തലയിൽ വിഗ്ഗ് ഇരിക്കുന്നത് കണ്ട വധു ബോധം കെട്ട് വീഴുകയായിരുന്നു. തുടർന്ന് വിവാഹം തന്നെ അലങ്കോലമായി. വരന് തലയിൽ മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു കല്യാണ മണ്ഡപത്തിൽ ബോധം കെട്ടുവീണു. ഒടുവിൽ ബോധം വന്നപ്പോൾ കല്യാണത്തിൽ നിന്നും പിൻമാറുകയും ചെയ്തു. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് സംഭവം.
ഇറ്റാവ ജില്ലയിലെ ഭർത്തനയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. പരസ്പരം മാല ചാർത്തുന്നതിനിടെയാണ് വരൻ തലമുടിയിൽ അമിതമായി ശ്രദ്ധിക്കുന്നത് വധുവിൻറെ ശ്രദ്ധയിൽപ്പെടുന്നത്. പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടക്കിടെ ശരിയാക്കുന്നതും സംശയം വർധിപ്പിച്ചു. ഇതിനിടയിൽ വധുവിൻറെ കൂടെയുള്ളവരാണ് രഹസ്യം കണ്ടെത്തിയത്. ഇതോടെ വധു വിവാഹവേദിയിൽ ബോധം കെട്ടുവീഴുകയായിരുന്നു. ബോധം വന്നപ്പോൾ തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു. വീട്ടുകാർ എത്ര നിർബന്ധിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവിൽ വിവാഹം മുടങ്ങിയ സങ്കടത്തിൽ വരൻ അജയ് കുമാർ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
















