വാളയാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം കാറില്‍ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ തണ്ടേക്കാട് പുത്തന്‍ വീട്ട് പറമ്പില്‍ ബിനു എന്ന മുഹമ്മദ് ബിലാല്‍ (37), പഴയന്നൂര്‍ കല്ലേപ്പാടം പന്തലാം കുണ്ട് വീട്ടില്‍ അഭിത്ത് (24) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മൂര്‍ച്ചയേറിയ രണ്ട് വടിവാള്‍ കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ച രണ്ട് കാറും വിവിധ നമ്പര്‍ പ്ലേറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ പരിശോധനയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കഞ്ചാവ് പിടിച്ചെടുത്തത്. തൃശൂര്‍ കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്കായി ആന്ധ്രയില്‍ നിന്നും കടത്തിയ കഞ്ചാവ്, ടോള്‍ പ്ലാസയ്ക്ക് സമീപമുള്ള ബസ് സ്റ്റോപ്പില്‍ വെച്ച് പൊതികളാക്കി വേറൊരു കാറിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ 90 ലക്ഷം വിലമതിക്കുമെന്നും കഞ്ചാവ് മറ്റുള്ളവര്‍ തട്ടിയെടുക്കാതിരിക്കാനാണ് പ്രതികള്‍ ആയുധം കൈവശം വെച്ചത് എന്നും എക്സൈസ് സംഘം വ്യക്തമാക്കി.