ചെന്നൈ: നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചുമായി (എന്‍എസ്ഇ) ബന്ധപ്പെട്ട് 2018ല്‍ നടന്ന ക്രമക്കേടില്‍ മുന്‍ ഓപ്പറേറ്റിങ് ഓഫിസര്‍ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ചെന്നൈയിലാണ് ആനന്ദിനെ അറസ്റ്റ് ചെയ്തതെന്നും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നും സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ മൂന്നു ദിവസം ചോദ്യം ചെയ്തിരുന്നു.
ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചിത്ര രാമകൃഷ്ണയെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. ഹിമാലയത്തിലെ സന്യാസിയുടെ താല്‍പര്യപ്രകാരം എന്‍എസ്ഇയില്‍ ചിത്ര ക്രമേക്കടു നടത്തുകയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതായി സെബി കണ്ടെത്തിയതിനെ തുടര്‍ന്നാണു സിബിഐ നടപടി. സന്യാസി ആരെന്നു കണ്ടെത്തിയിട്ടില്ല. ഇത് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്ര, മുന്‍ സിഇഒ രവി നരെയ്ന്‍ എന്നിവര്‍ രാജ്യം വിടുന്നതു തടയാന്‍ സിബിഐ തിരച്ചില്‍ നോട്ടിസ് ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ ചിത്രയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.