റഷ്യ-യുക്രൈന്‍ യുദ്ധമാണ് ഇപ്പോള്‍ ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരാക്കാനുള്ള ശ്രമത്തിലാണ്. സമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ യുഎന്നും ആരംഭിച്ചിട്ടുണ്ട്. അതിനിടെ സമൂഹമാധ്യമങ്ങളില്‍ യുദ്ധത്തിന്റേതെന്ന പേരില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ അധികവും വ്യാജമാണെന്നതാണ് സത്യം. അതിൽ ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ‘റഷ്യന്‍ യുദ്ധവിമാനം ഉക്രേനിയന്‍ സൈന്യം വെടിവെച്ചിട്ടു’ എന്നത്. എന്നാല്‍, പ്രചരിക്കുന്ന ഈ വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ 2011 ൽ ലിബിയയില്‍ നടന്ന സംഭവത്തിന്റേതാണ്.
ട്വിറ്ററിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഈ വീഡിയോ ചില മലയാള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വ്യക്തതയില്ലാത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നവയില്‍ ഏറെയും. ജനങ്ങളുടെ ആര്‍പ്പു വിളിയുടെ പശ്ചാത്തലത്തില്‍ ഒരു വിമാനം മലക്കം മറിയുന്നതും താഴെവീണ് പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീഡിയോ ഗൂഗിളിൽ തിരഞ്ഞപ്പോൾ സമാനമായ ചിത്രങ്ങളും വീഡിയോകളും കാണാനായി. ഇതില്‍ നിന്ന് മനസിലാക്കാനായത് ഈ വീഡിയോ 2011ല്‍ ലിബിയയില്‍ നടന്ന സംഭവമാണെന്ന വിവരമാണ്. ഇപ്പോള്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമായി ഇതിന് യാതൊരു ബന്ധവുമില്ല.