ഒന്നരലക്ഷം കിലോമീറ്റർ ഓടിയ തൻറെ കാർ മാറ്റിനൽകണം എന്നുള്ള ഗവർണറുടെ ആവശ്യം പുരോഗമിക്കവേ ഗവർണറെ കുറിച്ചുള്ള മറ്റൊരു പോസ്റ്റ് സമൂഹമാധ്യമങ്ങൾ വൈറലാകുകയാണ്. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 1850 കൊടും കുറ്റവാളികളെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗവർണർ എതിർത്തു എന്നാണ് പ്രചരണം. ഈ വാർത്ത ഒന്നാം പേജിൽ നൽകാൻ മുഖ്യധാരാ മലയാള മാധ്യമങ്ങൾ തയ്യാറാകുന്നില്ല എന്നും ഈ പോസ്റ്റിൽ പറയുന്നു. ‘ഗുണ്ടകൾ കേരളത്തിൽ അരങ്ങുവാഴുമ്പോൾ ജയിലിലുള്ള 1850 കൊടും കുറ്റവാളികളെകൂടി പുറത്തുവിടാൻ ശ്രമിച്ചു സിപിഎം സർക്കർ’, എന്നുള്ള കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റാണിത്.
എന്നാൽ പോസ്റ്റിലെ ഈ പ്രചാരണം തീർത്തും തെറ്റിദ്ധരിക്കപ്പെടുന്നതാണ്. പ്രചാരണത്തിനായി ഉപയോഗിച്ച പത്രവാർത്ത 2017ൽ ഉള്ളതാണ്.
ഈ പത്രറിപ്പോർട്ടിന്റെ തലക്കെട്ട് ഗൂഗിളിൽ പരിശോധിച്ചപ്പോൾ ടൈംസ് ഓഫ് ഇന്ത്യ 2017 നൽകിയ ഒരു വാർത്തയാണെന്ന് മനസിലായി. ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിലെ അവ്യക്തമായ ചിത്രം തന്നെയാണ് 2017 ഫെബ്രുവരി 18ന് നൽകിയ റിപ്പോർട്ടിനൊപ്പവും ഉള്ളത്. എന്നാൽ ഇത് മുൻ കേരള ഗവർണർ ആയിരുന്ന പി സദാശിവം ആണ്. 2019ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് നിലവിലെ ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ സ്ഥാനമേൽക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് 1850 തടവുകാരെ ശിക്ഷാ ഇളവു നൽകി വിട്ടയക്കാനുള്ള ഫയൽ ഗവർണർ പി സദാശിവം മടക്കിയിരുന്നു. തടവുകാരിൽ പലരും കോടതി നിശ്ചയിച്ച മാനദണ്ഡത്തിൽപ്പെടുന്നവരല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഗവർണർ ആവശ്യം നിരസിച്ചത്. ഇതാണ് ആ പത്രവാർത്തയിൽ ഉള്ളത്. ഇപ്പോൾ ആ പത്രവാർത്ത ഉപയോഗിച്ച് നിലവിലുള്ള ഗവർണറുടെ പേരിൽ വാർത്ത പ്രചരിപ്പിക്കുകയാണ്. എന്നാൽ കിട്ടിയ വിവരങ്ങളിൽ നിന്നെല്ലാം ഈ പ്രചരണം ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നത് വ്യക്തമായി.